കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങൾ കൂട്ടുമെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും യാത്രക്കാരുടെ ആരോഗ്യ പരിരക്ഷയും അടിയന്തര ചികിത്സാ സംവിധാനവുമടക്കമുള്ള കാര്യങ്ങളിൽ വളരെ പിന്നിലാണ് റെയിൽവെ. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസ്വാഭാവിക മരണങ്ങളിൽ മുപ്പത് ശതമാനവും യാത്രക്കിടെ മതിയായ ചികിത്സ കിട്ടാത്തതു കൊണ്ടാണെന്നാണ് കണക്ക്. സ്റ്റേഷനുകളിലും വണ്ടികളിലും മുതിര്‍ന്ന പൗരൻമാര്‍ക്കൊരുക്കുന്ന സൗകര്യങ്ങളും പലപ്പോഴും പ്രഖ്യാപനത്തിലൊതുങ്ങുകയാണ
മലബാറിലെ തിരക്കുള്ള റെയിൽവെ സ്റ്റേഷനാണ് കോഴിക്കോട്. ആൾത്തിരക്കിനിടയിലൂടെ അകത്തു കയറുമ്പോള്‍ തന്നെ കാണാം ചുമരിൽ ഘടിപ്പിച്ച എമര്‍ജൻസി ഹാര്‍ട്ട് റിവൈവൽ മെഷീൽ. തീവണ്ടിയാത്രക്കിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുള്ള പ്രാഥമിക ചികിത്സയാണ് ലക്ഷ്യം.
ആശുപത്രി ആവശ്യങ്ങൾ റിപ്പോര്‍ട്ട് ചെയ്താൽ ആദ്യം ആ ട്രെയിനിൽ യാത്രചെയ്യുന്ന ഡോക്ടര്‍മാരുടെ സഹായം തേടും. അതിലും നിന്നില്ലെങ്കിൽ അടുത്ത വലിയ സ്റ്റേഷനിലിറക്കും. കോഴിക്കോട് മാത്രം ഇത്തരത്തിൽ മിനിമം മൂന്ന് കെസെങ്കിലും ട്രെയിനിറങ്ങാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 2015 മുതൽ ഇക്കഴിഞ്ഞ നവംബർ വരെ നൂറ്റി നാൽപത് അസ്വാഭാവിക മരണങ്ങളാണ് റെയിൽവെ രജിസ്റ്റര്‍ ചെയ്തത്. ഇതിൽ മുപ്പത് ശതമാനവും തീവിണ്ടിക്കകത്ത് മതിയായ ചികിത്സ കിട്ടാത്തവരാണ്
പ്രായം ചെന്നവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവര്‍ക്കും ഒരുക്കുന്ന സൗകര്യത്തിലും റെയിൽവെ പുറകിലാണ്. ലാഭകരമല്ലെന്ന് കണ്ടെത്തി പദ്ധതി ഉപേക്ഷിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾപോലും ഈ മാതൃകാ സ്റ്റേഷന് അന്യമാണ്. എസ്കലേറ്ററും ലിഫ്റ്റും എന്തിന് പ്രായമായവരെ പ്ലാറ്റ്ഫോം കടത്തിവിടാനുപയോഗിക്കുന്ന ബാറ്ററികാറുപോലും ഇല്ല.
വിരലിലെണ്ണാവുന്ന വൻകിട സ്റ്റേഷനുകൾ മാറ്റി നിര്‍ത്തിയാൽ മറ്റെല്ലായിടത്തും അവസ്ഥ ഇതുതന്നെ. ലോവര്‍ ബര്‍ത്തിലെ അൻപത് ശതമാനം സംവരണവും ഒരു ട്രെയിനിൽ ഒരു ഡിസേബിൾഡ് കോച്ചുമാണ് റെയിൽവെയുടെ പരിഹാരം.
മുതിര്‍ന്ന പൗരൻമാരുടേയും ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനെന്ന് ഇത്രയൊക്കെ മതിയോ എന്ന് ഇനിയെങ്കിലും ചിന്തിക്കണം.
