യൂറോപ്പില്‍ നിന്നെത്തിയ  12 പേരിലാണ് പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടത്. ഇതോടെ ജര്‍മനിയിലെ മ്യൂണിക്ക്, ഫ്രാന്‍സിലെ പാരീസ് എന്നിവടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളിലുണ്ടായിരുന്ന 250 പേരെയും പരിശോധനകള്‍ക്ക് വിധേയമാക്കി

ടെക്സാസ്: യുഎസില്‍ രണ്ട് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ചത് പരിഭ്രാന്തി പരത്തി. യുറോപ്പില്‍ നിന്ന് ഫിലാഡല്‍ഫിയയില്‍ എത്തിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമാണ് അസുഖ ബാധയുണ്ടായത്.

യൂറോപ്പില്‍ നിന്നെത്തിയ 12 പേരിലാണ് പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടത്. ഇതോടെ ജര്‍മനിയിലെ മ്യൂണിക്ക്, ഫ്രാന്‍സിലെ പാരീസ് എന്നിവടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളിലുണ്ടായിരുന്ന 250 പേരെയും പരിശോധനകള്‍ക്ക് വിധേയമാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

യുഎസ് സമയം ഇന്ന് ഉച്ചയ്ക്കാണ് വിമാനം ഫിലാഡല്‍ഫിയയില്‍ എത്തിയത്. ചുമയും തൊണ്ട വേദനയുമുണ്ടെന്ന് യാത്രക്കാര്‍ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ വലിയ പ്രശ്നങ്ങള്‍ കണ്ടില്ലെന്നാണ് സൂചന. പരിശോധന സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായി വിവരങ്ങള്‍ കെെമാറിയ 24 മണിക്കൂറിന് ശേഷം ഇവരെ പോകാന്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പകര്‍ച്ച വ്യാധിയുള്ള ആരും വിമാനത്തിലുണ്ടായിരുന്നില്ലെന്നും അമേരിക്കന്‍ എയര്‍ലെെന്‍സ് വക്താവ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ദുബായില്‍ നിന്ന് യുഎസിലെത്തിയ വിമാനത്തിലും അസുഖ ബാധ കണ്ടെത്തിയിരുന്നു. 520 യാത്രക്കാരുമായി ദുബായില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങിയ എമിറേറ്റ്സ് 203 വിമാനത്തിലെ യാത്രക്കാരെയാണ് കഴിഞ്ഞ ദിവസം ഇതേ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് വിമാനം റണ്‍വേയില്‍ തന്നെ തടഞ്ഞിട്ട് പരിശോധനകള്‍ നടത്താന്‍ ന്യൂയോര്‍ക്കിലെ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കടുത്ത പനിയും ചുമയും ഛര്‍ദ്ദിയും അടക്കം ഫ്ലൂ ലക്ഷണങ്ങളുള്ള പത്തോളം യാത്രക്കാരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.