കാരക്കൽ: വിദൂരഗ്രാമങ്ങളിലടക്കം പാസ്പോർട്ടുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാസ്പോർട്ട് സംബന്ധിച്ച നടപടി ക്രമങ്ങൾ വേഗത്തിലും എളുപ്പത്തിലുമാക്കാനുള്ള ശ്രമത്തിലാണ്. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പാസ്പോർട്ടിന്റെ അവസാന പേജിലുണ്ടായ മാറ്റങ്ങളെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പാസ്പോർട്ട് ഫീസിൽ ഇളവ് നൽകുമെന്നും മന്ത്രി അറിയിച്ചു. പാസ്പോർട്ട് അപേക്ഷാ ഫോമിന്റെ 10 ശതമാനം ഇളവാണ് നൽകുന്നത്. എട്ടു വയസിൽ താഴെയുള്ള കുട്ടകൾക്കും പ്രായമായവർക്കുമാണ് ഇളവ് ബാധകം- സുഷമ സ്വരാജ് പറഞ്ഞു.
പാസ്പോര്‍ട്ടിന്റെ അവസാനപേജില്‍ ഉടമയുടെ മേല്‍വിലാസം, മാതാപിതാക്കളുടെയും ഭാര്യയുടെയും പേര് തുടങ്ങിയ വിശദാംശങ്ങള്‍ അച്ചടിക്കുന്നതാണ് ഒഴിവാക്കുന്നത്. ഇതോടെ, വിലാസം തെളിയിക്കാനുള്ള ആധികാരികരേഖകളുടെ കൂട്ടത്തില്‍നിന്ന് പാസ്പോര്‍ട്ട് ഒഴിവാകുമെന്നാണ് സൂചന. പുതുതായി തയാറാക്കുന്ന പാസ്പോര്ട്ടുകളിലാണ് പരിഷ്കാരം.
നിലവിലുള്ളവയുടെ ആദ്യപേജില്‍ ഉടമയുടെ പേര്, ഫോട്ടോ എന്നിവയും അവസാനപേജില്‍ വിലാസം, പിതാവ്, മാതാവ്, ഭാര്യ എന്നിവരുടെ പേരുകള്‍, പാസ്പോര്‍ട്ട് നമ്പര്‍, അനുവദിച്ച സ്ഥലം, തീയതി എന്നീ വിവരങ്ങളാണ് ചേര്‍ക്കുന്നത്. എന്നാല്‍ പുതുതായി തയാറാക്കുന്നവയില് അവസാനപേജ് അച്ചടിക്കേണ്ടതില്ലെന്നാണ് തീരുമാനം.
