ദുബായ്: ഓറഞ്ച് പാസ്പോർട്ട് നൽകാനുള്ള കേന്ദ്രസർക്കാരിന്റെ ശുപാര്‍ശകള്‍ക്കെതിരെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം ഇന്ത്യന്‍പൗരന്മാരെ രണ്ടു തട്ടിലാക്കുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. പത്താം തരം പാസാകാത്തവർക്കാണ് ഓറഞ്ച് പാസ്പോർട്ട് നൽകുന്നത്. സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ വിദ്യാഭ്യാസത്തിന്‍റേയും തൊഴിലിന്‍റേയും അടിസ്ഥാനത്തില്‍ രണ്ടാംകിട പൗരന്മാരാക്കിമാറ്റാനേ പാസ്പോര്‍ട്ട് പരിഷ്കരണം ഉപകരിക്കൂവെന്നാണ് ഗള്‍ഫിലെ പ്രവാസി മലയാളികളുടെ അഭിപ്രായം.
നിലവിലെ ശുപാര്‍ശ അനുസരിച്ച് പാസ്പോര്‍ട്ടിന്‍റെ അവസാന പേജ് ഇല്ലാതാകുന്നതോടെ തിരിച്ചറിയല്‍ രേഖയെന്ന നിലയില്‍ പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയാതെ വരും. വിദേശത്തു താമസിക്കുന്ന ഇന്ത്യകാര്‍ക്ക് ഇത് തിരിച്ചടിയാകും. എമിഗ്രേഷന്‍ ഉപയോഗത്തിനു പുറമെ ബാങ്ക് എകൗണ്ടുകള്‍ തുറക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയാതെ വരും.
പാസ്പോര്‍ട്ട് പരിഷ്കരണം നടപ്പിലായാല്‍ തൊഴിലവസരം നഷ്ടപ്പെടുന്നതിലേക്കും അപമാനിക്കപ്പെടുന്നതിലേക്കും അത് വഴിവെക്കുമെന്നാണ് ഭൂരിഭാഗത്തിന്‍റേയും അഭിപ്രായം. സ്വന്തം രാജ്യം തന്നെ പൗരൻമാരെ തരംതിരിക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനം പുനപരിശോധിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
