ദോഹ: ഖത്തറില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ പുറം കരാര്‍ നല്‍കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ അറിയിച്ചു. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്പനിയുമായി രണ്ടു ദിവസത്തിനകം കരാര്‍ ഒപ്പിടും. മൂന്നു മാസത്തിനുള്ളില്‍ സ്വകാര്യ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാധാരണ തൊഴിലാളികളടക്കം കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി എംബസിയെ സമീപിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ പുറം കരാര്‍ നല്‍കി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പുതിയ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റററിലെ കോണ്‍സുലര്‍ സര്‍വീസും അവസാനിപ്പിക്കേണ്ടി വരും. നിലവില്‍ പത്തു റിയാലാണ് ഐസിസിയില്‍ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്.

18 വയസ്സിനു മുകളിലുള്ളവരുടെ പാസ്‌പോര്‍ട് പുതുക്കല്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഒഴികെയുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ തുടങ്ങിയ സേവനങ്ങളാണ് നിലവില്‍ ഐസിസിയില്‍ ചെയ്തു കൊടുക്കുന്നത്. എന്നാല്‍ പുതിയ കേന്ദ്രങ്ങളില്‍ സേവന നിരക്ക് ഏഴു റിയാലില്‍ താഴെയായിരിക്കുമെന്നാണ് സൂചന. 

അല്‍ഹിലാല്‍, സല്‍വ, അല്‍ഖോര്‍ എന്നിവിടങ്ങളിലാണ് സേവന കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങുന്നത്. കുട്ടികളുടെ പാസ്‌പോര്‍ട് പുതുക്കലിനും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനും തുടര്‍ന്നും എംബസിയെ നേരിട്ടു സമീപിക്കേണ്ടി വരും. അതേസമയം 18 വയസ്സിനു താഴെയുള്ളവരുടെ പാസ്‌പോര്‍ട് പുതുക്കല്‍ പുതിയ കേന്ദ്രങ്ങളില്‍ നിര്‍വഹിക്കാനാകും. പവര്‍ ഓഫ് അറ്റോര്‍ണി പോലുള്ള ഉദ്യോഗസ്ഥരുടെ മുന്നില്‍ നേരിട്ടു ഹാജരാകേണ്ട സേവനങ്ങളും ഇന്ത്യന്‍ എംബസിയില്‍ മാത്രമായിരിക്കും ലഭിക്കുക. നിലവില്‍ ഖത്തറും കുവൈറ്റും ഒഴികെയുള്ള 68 രാജ്യങ്ങളില്‍ പുറംകരാര്‍ കമ്പനികളാണ് കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കിവരുന്നത്.