നൂറുകണക്കിനാളുകളാണ് ഇനിയും ഇവിടെ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനവും ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ പ്രതിസന്ധിയിലാവുകയാണ്

പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട് നൂറ് കണക്കിനാളുകള്‍. വിവിധ പ്രദേശങ്ങളിലായി നിരവധി കുടുംബങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഇവിടെ കഴിയുന്നത്. റാന്നിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഏതാണ്ട് രണ്ടായിരത്തോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തിയെന്നും കൂടുതല്‍ പേര്‍ ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രാജു എബ്രഹാം എം.എല്‍.എ അറിയിച്ചു. 

"

കനത്ത വെള്ളക്കെട്ടില്‍ മുങ്ങിയ വീടുകളുടെ ടെറസിലാണ് പല കുടുംബങ്ങളും ഇപ്പോള്‍ അഭയം പ്രാപിച്ചിട്ടുള്ളത്. കുടിവെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ വലയുകയാണിവര്‍. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്.

"

നിലവില്‍ പ്രദേശത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തിയത് ഹെലികോപ്ടറുപയോഗിച്ചാണ്. പലയിടങ്ങളിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ ബോട്ടിലെ രക്ഷാപ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. പമ്പയിലെ വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയകള്‍ വഴി നിരവധി പേരാണ് പത്തനംതിട്ടയില്‍ നിന്ന് മാത്രം സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. പലര്‍ക്കും ഇപ്പോഴും സഹായം ലഭ്യമായിട്ടില്ല. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളിലും ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.