പഠാന്‍ കോട്ട്‍: പഞ്ചാബിലെ പഠാന്‍ കോട്ടില്‍ തോക്ക് തലയ്ക്കു ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ പതിനാലുകാരന് വെടിയേറ്റു. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഠാന്‍ കോട്ടിലെ ഗുരു ഹര്‍കിഷന്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ രമന്‍ദീപ് സിങിനാണ് സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റത്. 

അച്ഛനും അമ്മയും വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ സമയത്ത് സഹോദരിയോടൊത്ത് കളിക്കുന്നതിനിടെ അച്ഛന്‍റെ തോക്ക് തലയ്ക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചു.

ഗുരുതരാവസ്ഥയില്‍ കുട്ടിയെ അടുത്തുള്ള സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രമന്‍ദീപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തോക്ക് തന്‍റെതാണെന്ന് കുട്ടിയുടെ പിതാവ് കോണ്‍ട്രാക്ടറായ ഗുര്‍കിര്‍പാല്‍ സിങ് സമ്മതിച്ചു.

തോക്കിന് ലൈസന്‍സുണ്ടെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതിനു ശേഷം ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.