പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളിലൊന്ന് ഇടിഞ്ഞ് വീണതോടെയാണ് സംസ്ഥാനത്തെ രണ്ട് കുഷ്‌ഠരോഗ നിര്‍മ്മാര്‍ജ്ജന കേന്ദ്രങ്ങളില്‍ ഒന്നായ മാവലിക്കര ലെപ്രസി സാനിറ്റോറിയത്തിലെ രോഗികളുടെ കഷ്ടപ്പാട് തുടങ്ങിയത്. വിവരമറിഞ്ഞെത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, രോഗികള്‍ താമസിച്ചിരുന്ന 48 കെട്ടിടങ്ങള്‍ താമസയോഗ്യമല്ലെന്ന് കണ്ണുംപൂട്ടി റിപ്പോര്‍ട്ട് നല്‍കി. കെട്ടിടം ഇടിഞ്ഞ് വീണാലും കുറ്റം വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍ വരാതിരിക്കാനായിരുന്നു നടപടി. റിപ്പോര്‍ട്ട് കിട്ടിയതും ആരോഗ്യ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പല കെട്ടിടങ്ങളിലായി താമസിച്ചിരുന്ന രോഗികളെ തൂത്തുവാരിയെടുത്ത് തമ്മില്‍ ഭേദമുള്ള ഒറ്റ കെട്ടിടത്തിലാക്കി. രണ്ട് മുറികളും മൂന്ന് കക്കൂസുകളും മാത്രമുള്ള വാര്‍ഡില്‍ താമസിക്കുന്നത് 66 വനിതകള്‍.

നി‍ര്‍ബന്ധിച്ച് ഒഴിപ്പിക്കാനുള്ള നീക്കം തടഞ്ഞ പുരുഷ അന്തേവാസികള്‍ ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഇടിഞ്ഞ് വീഴുമെന്ന് മുന്നറിയിപ്പ് നല്‍കിയ കെട്ടിടങ്ങളില്‍ താമസിക്കുന്നു. മൂന്ന് മണിക്കൂറിലേറെ കേന്ദ്രത്തിലെ പത്തോളം കെട്ടിടങ്ങളില്‍ കയറി ഇറങ്ങിയിട്ടും ഉത്തരവാദിത്വപ്പെട്ട ഒറ്റ ഉദ്യോഗസ്ഥനേയും ഞങ്ങള്‍ക്ക് കാണാനായില്ല. ഒരു മാസത്തിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ വാക്ക് വിശ്വസിച്ചാണ് രോഗികളെ ഒഴിപ്പിച്ചതെന്നും പണി വൈകുന്നതാണ് പരാതിക്ക് കാരണമെന്നും ആലപ്പുഴ ഡി.എം.ഒ വിശദീകരിക്കുന്നു.