
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് റോഡുകള്‍ തകര്‍ന്നാല്‍ കരിമ്പട്ടികയില്‍ പെടുത്താനും പിഴ അടപ്പിക്കാനും വീണ്ടും ടാര്‍ ചെയ്യിപ്പിക്കാനുമൊക്കെ നിയമമുണ്ടെങ്കിലും ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയുന്നില്ല.
മൂന്ന് വര്‍ഷമായിരുന്നു ആലപ്പുഴ കായംകുളം മുതല്‍ ചേര്‍ത്തല വരെയുള്ള ദേശീയ പാതയുടെ നിര്‍മ്മാണ കാലാവധി. ഇനിയും ഒരു വര്‍ഷം ഇതില്‍ ബാക്കിയുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ റോഡ് തകര്‍ന്ന് തരിപ്പണമായിക്കഴിഞ്ഞു. കോടികള്‍ മുടക്കിയ റോഡ് ഒന്നര വര്‍ഷം പോലും നിലനിന്നില്ലെന്നതാണ് വാസ്തവം. ആലപ്പുഴ ജില്ലയില്‍ 95 കിലോമീറ്ററാണ് ദേശീയ പാതയുടെ ആകെ നീളം. കാസര്‍കോഡ് ആസ്ഥാനമായുള്ള കോണ്‍കോര്‍ഡ് എന്ന കമ്പനിയാണ് 61.5 കിലോമീറ്ററും ടാര്‍ ചെയ്തത്. ഇതില്‍ 40 കിലോമീറ്ററും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തകര്‍ന്നു. പാതിരപ്പള്ളി മുതല്‍ പുറക്കാട് വരെയുള്ള 22 കിലോമീറ്റര്‍ റോഡ് 20 മാസം കൊണ്ട് തകര്‍ന്നു. ഹരിപ്പാട് മാധവ ജംഗ്ഷന്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള 18 കിലോമീറ്റര്‍ 28 മാസം കൊണ്ട് തകര്‍ന്നു. തകര്‍ന്ന ദേശീയപാതയുടെ കുഴിയടയ്ക്കല്‍ പണിയാണ് ഇപ്പോള്‍ നടക്കുന്നത്.
ഇനി വീണ്ടും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി ഇത് നന്നാക്കണം.
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് റോഡ് തകര്‍ന്നിട്ടും നിര്‍മ്മാണം നടത്തിയ കമ്പനിക്കെതിരെ ചെറുവിരലനക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. നിര്‍മ്മാണം നടത്തിയ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയോ എന്ന ചോദ്യത്തിന് അത് ഉന്നതങ്ങളില്‍ എടുക്കേണ്ട തീരുമാനമാണെന്നായിരുന്നു വിവരാവകാശ നിയമപ്രകാരം പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നല്‍കിയത്. അധിക ഗതാഗതവും സമുദ്ര നിരപ്പിന് സമാന്തരമായി റോഡ് സ്ഥിതി ചെയ്യുന്നതും അഴുക്ക് ചാലുകളില്ലാത്തതുമാണ് റോഡ് തകരാന്‍ കാരണമായി കോണ്‍കോര്‍ഡ് കമ്പനി അധികൃതര്‍ പറയുന്നത്.
