പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസ്. 

തൃശൂർ : വാഹനാപകടത്തിൽ പരിക്കേറ്റയാളെ സ്ട്രെച്ചറിൽ തലകീഴായി നിർത്തിയ ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് കേസടുത്തു. പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ ഇന്നലെ പുലർച്ചയോടെയാണ് മരിച്ചത്. 

പാലക്കാട് അപകടത്തിൽപെട്ട് വഴിയരികിൽ കിടന്നയാളെ ജില്ലാ ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നപ്പോഴാണ് ഡ്രൈവർ ഷെരീഫ് ഇയാളെ തലകീഴായി കിടത്തിയത്. വാഹനത്തിൽ മലമൂത്ര വിസർജനം നടത്തിയതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. അപകടത്തിൽ പെട്ടയാളെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഷെരീഫിനെതിരെ മുളങ്കുന്നത്ത് കാവ് പൊലീസ് കേസെടുത്തു. രോഗിക്കൊപ്പം ആരുമില്ലായിരുന്നു. ഡ്രൈവറുടെ പരാക്രമത്തില്‍ രോഗിയുടെ ദേഹത്ത് പലയിടത്തും മുറിവുണ്ടായിരുന്നു.

ആംബുലൻസ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ഉടൻ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാൻ ഡ്രൈവര്‍ രോഗിയോട് ആവശ്യപ്പെട്ടു. പക്ഷെ ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരിക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു രോഗി. ഡ്രൈവര്‍ കാണിച്ച പരാമക്രമത്തിന്‍റെ ദൃശ്യങ്ങള്‍ അവിടെ കൂടിനിന്നിരുന്നവരിലൊരാളാണ് പകര്‍ത്തിയതോടെയാണ് പുറത്തറിഞ്ഞത്.

ഡ്രൈവര്‍ സ്ട്രെച്ചര്‍ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ചിട്ടാണ് ആശുപത്രി ജീവനക്കാരെ വിളിക്കാൻ പോയത്. ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ കിടപ്പ് കിടക്കേണ്ടി വന്നു. ഡ്രൈവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍, രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയെന്നുമായിരുന്നു മറുപടി. 

സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട്, റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളാരും എത്തകിയില്ലെങ്കിൽ മൂന്ന് ദിവസത്തിന് ശേഷം പോസ്റ്റ്മോർട്ടം നടത്തും.