റായ്പൂര്‍: മുഖ്യമന്ത്രിയുടെ മരുമകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസമൊരുക്കാന്‍ റൂമുകള്‍ ഒഴിവാക്കിയപ്പോള്‍ വഴിയാധാരമായത് പാവപ്പെട്ട രോഗികള്‍. ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമന്‍ സിംഗിന്റെ മരുമകള്‍ക്കായാണ് റായ്പൂര്‍ ബിമാറോ അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഒരു നിലയിലെ രോഗികളെ ഒഴിപ്പിച്ചത്. ആഗസ്റ്റില്‍ നവജാത ശിശുക്കളുടെ തുടര്‍മരണമുണ്ടായ ആശുപത്രിയില്‍ മുഖ്യമന്ത്രിയുടെ കുടുംബാഗങ്ങള്‍ ചികില്‍സയ്ക്കായി എത്തിയത് വാര്‍ത്തയായിരുന്നു.
700 കിടക്കയുള്ള ആശുപത്രിയിലെ രണ്ടാം നിലയാണ് മന്ത്രി കുടുംബാഗങ്ങള്‍ക്കായി ഒഴിപ്പിച്ചത്. മരുമകള്‍ക്ക് പ്രത്യേക മുറിയും ഏകദേശം 50 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സ്ഥലമൊരുക്കാന്‍ 1200ഓളം രോഗികളെ ഒഴിപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികളും ഭക്ഷ്യവിഷ ബാധയേറ്റവരും അടക്കമുള്ള രോഗികളാണ് ഒന്നാം നിലയിലേയ്ക്ക് മാറാന്‍ നിര്‍ബന്ധിതരായത്.

ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ മറ്റ് രോഗികള്‍ക്കൊപ്പം കഴിയാന്‍ നിര്‍ബന്ധിതരായി എന്നാണ് ആരോപണം. രോഗികളുടെ പരാതികളും പ്രതിഷേധങ്ങളും ആരും ശ്രദ്ധിച്ചില്ലെന്നും ആരോപണമുണ്ട്. അതേസമയം പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ സ്ഥലപരിമിതി മാറുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ശനിയാഴ്ചയാണ് രമന്‍ സിങിന്റെ മരുമകള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്തായാലും മന്ത്രി കുടുംബം സര്‍ക്കാര്‍ സേവനം ലഭ്യമാക്കിയെങ്കിലും മറ്റ് രോഗികളെ ബുദ്ധിമുട്ടിച്ചതില്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
