ദില്ലി: ട്രെയിനിൽ ലോവർ ബർത്ത് സീറ്റ് ബുക്ക് ചെയ്യുന്നവരിൽനിന്ന് കൂടുതൽ പണം ഈടാക്കാൻ ശുപാർശ. റെയിൽവേ ബോർഡ് റിവ്യൂ കമ്മിറ്റിയുടെ ഈ നിർദേശം അംഗീകരിച്ചാൽ ലോവർ ബർത്ത് യാത്രക്കാർ ഉത്സവ സമയങ്ങളിൽ കൂടുതൽ പണം നൽകേണ്ടിവരും.
പ്രീമിയം ട്രെയിനുകളിലെ നിരക്ക് പുനക്രമീകരിക്കുന്നതിനും പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനുമായാണ് റിവ്യൂ കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റിയാണ് ഹോട്ടലുകളും വിമാന കന്പനികളും നിരക്ക് ഈടാക്കുന്ന മാതൃകയിൽ, ടിക്കറ്റുകൾ കൂടുതൽ വിറ്റഴിക്കപ്പെടുന്ന സമയങ്ങളിൽ യാത്രക്കാരിൽനിന്നു കൂടുതൽ പണം ഈടാക്കാൻ ശുപാർശ ചെയ്തത്. ഉത്സവ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തണമെന്നും മറ്റു സീസണുകളിൽ നിരക്ക് കുറയ്ക്കണമെന്നും ശുപാർശയുണ്ട്.
കൂടാതെ, കുടുതൽ പണം നൽകി ഇഷ്ടമുള്ള സീറ്റ് സ്വന്തമാക്കാൻ സൗകര്യമൊരുക്കുന്നതിനും ട്രെയിനുകൾ നിശ്ചിത കേന്ദ്രങ്ങളിലെത്തുന്നതിനു കാലതാമസമുണ്ടായാൽ യാത്രക്കാർക്കു നഷ്ടപരിഹാരം നൽകുന്നതിനും റിവ്യൂ കമ്മിറ്റി റിപ്പോർട്ടിൽ ശുപാര്‍ശ ചെയ്യുന്നുണ്ട്.
