ലക്നൗ: നിയമാനുസൃതമല്ലാത്ത മെഡിക്കല്‍ അഡ്മിഷന്‍ നടത്തിയ 150 സീറ്റുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ലക്നൗവില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. 2018-19 വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ മരവിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വാല്‍ക്കര്‍,ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 

വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം 25 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. പ്രവേശനം നിയമാനുസൃതമാണെന്ന് കാണിച്ച് സ്വകാര്യ മെഡിക്കല്‍ കോളേജ് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. സെപ്റ്റബറില്‍ ഒറീസ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഇഷ്റത്ത് മസ്റൂര്‍ കുഡ്സി, കോളേജ് ചെയര്‍മാനടക്കം അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് മെഡിക്കല്‍ പ്രവേശനത്തിലെ ക്രമക്കേട് വെളിയില്‍ വരുന്നത്. 

മുന്‍ ഹൈക്കോടതി ജഡ്ജ് സ്വകാര്യ മെഡിക്കല്‍ കോളേജിനെ വഴിവിട്ട രീതിയില്‍ സഹായിച്ചതായി കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ കോളേജിന് ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ രണ്ട് വര്‍ഷത്തേയ്ക്ക് കോളേജില്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിരമിച്ച ജഡ്ജിയുടെ സഹായത്തോടെ അനുകൂല വിധി സമ്പാദിച്ച കോളേജ് പ്രവേശനം നടത്തുകയായിരുന്നു.