കണ്ണൂർ: മാതമംഗലം സ്വദേശി ശ്രീധരനെ തലയ്ക്കടിച്ചുകൊന്ന കേസിൽ അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി. കഴിഞ്ഞ മാസം 25 നാണ് ശ്രീധരനെ പയ്യന്നൂരിലെ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്.

മാതമംഗലം കോയിപ്രം സ്വദേശി കെ.സി. ശ്രീധരനെ തലയ്ക്കടിച്ചുകൊന്ന കേസിന്‍റെ തെളിവെടുപ്പാണ് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സർക്കിൾ ഇൻസ്പെക്ടറും സംഘവും തുടങ്ങിയത്. കഴിഞ്ഞ മാസം 25 നാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിൽ ശ്രീധരനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കൊലപാതക സാധ്യത ആദ്യം തന്നെ പൊലീസ് സംശയിച്ചിരുന്നു. മൂന്നാമത്തെ ട്രാക്കില്‍ അന്നേദിവസം ട്രെയിനുകള്‍ കടന്നുപോയിട്ടില്ലെന്നതും സംശയം ബലപ്പെടുത്തി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ മരണ കാരണം തലയ്ക്ക് പുറകിലേറ്റ ശക്തമായ അടിയാണെന്ന് വ്യക്തമായി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാമന്തളി കക്കംപാറ സ്വദേശി ചന്ദ്രനെ പിടികൂടി. മദ്യാസക്തിയിലായിരുന്ന ചന്ദ്രൻ പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീധരന്‍റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ശ്രീധരനെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് വിടയുപയോഗിച്ച് തലയ്ക്കടിച്ചുവീഴ്ത്തിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അതിന് ശേഷം റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് പയ്യന്നൂര്‍ സ്വദേശിനിയായ യാത്രക്കാരിയുടെ ബാഗും മോഷ്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്. പിന്നീട്, മുണ്ടക്കയത്ത് വച്ച് കഞ്ചാവ് കേസിൽ പിടിയിലായ ചന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീധരനെ കൊലപ്പെടുത്തിയ വിവരം പൊലീസിന് ലഭിച്ചത്. ഈ മാസം 28 വരെ കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിനായി മംഗലാപുരത്തേക്കും മുണ്ടക്കയത്തേക്കും അന്വേഷണസംഘം കൊണ്ടുപോകും.