കലോത്സവ നഗരിയിലെ കലവറ പൂട്ടി തന്റെ പാടുനോക്കി പോകുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഭീഷണി. മൂത്രപുരയുടെ പേരിലാണ് പഴയിടം പിണങ്ങിയത്. ഒടുവില്‍ സംഘാടകര്‍ ഇടപെട്ട് പ്രശ്നം തീര്‍ത്തു.

സാധാരണ കലോത്സവങ്ങളില്‍ ആവശ്യത്തിന് മൂത്രപ്പുര ഇല്ലാത്തതിന്റെ പേരിലാണ് പ്രശ്നമുണ്ടാവുന്നതെങ്കില്‍ തൃശ്ശൂരില്‍ പാചകപ്പുരയുടെ അടുത്ത് സ്ഥാപിച്ച ടോയ്‍ലറ്റായിരുന്നു പ്രശ്നം. ചോറിന്റെയും സാമ്പാറിന്റെയും അവിയലിന്റെയും സുഗന്ധം പരക്കേണ്ട പാചകപുരയില്‍ നിന്ന് മൂത്രത്തിന്റെ മണം വിട്ടുപോകാതായതോടെയാണ് പഴയിടം ചൂടായത്. താല്‍ക്കാലികമായി സ്ഥാപിച്ച ബയോ ടോ‍യ്‍ലറ്റ് എത്രയും വേഗം അവിടെ നിന്ന് എടുത്തുമാറ്റിയില്ലെങ്കില്‍ കലവറയും പൂട്ടി സ്ഥലം വിടുമെന്ന് പഴയിടം സംഘാടകരെ അറിയിക്കുകയായിരുന്നു.

ഭക്ഷണമുണ്ടാക്കുന്നതിന്റെ അടുത്ത് തൊട്ടടുത്ത് തന്നെ സ്ഥാപിച്ച ടോയ്‍ലറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സ്‌ത്രീകളുള്‍പ്പെടെയുള്ള പാചകക്കാരും പറഞ്ഞു. ഭക്ഷണമുണ്ടാക്കുന്നവരുടെ കൈകള്‍ വരെ പരിശോധിച്ച അധികൃതര്‍ പക്ഷേ ഭക്ഷണമുണ്ടാക്കുന്നതിന് സമീപം ടോയ്‍ലറ്റ് വെച്ചത് ശരിയായില്ലെന്ന് എല്ലാവരും പറഞ്ഞതോടെ സംഘാടകര്‍ ഓടിയെത്തി. തൊഴിലാളികള്‍ക്ക് പറ്റിയ പിഴവാണെന്നും ഉടന്‍ തന്നെ ടോയ്‍ലെറ്റ് മാറ്റുമെന്നും ഭക്ഷണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍ അറിയിച്ചതോടെ പഴയിടം അടങ്ങി. പാചകപുര വീണ്ടും സജീവമായി.