സംസ്ഥാനത്ത് പ്രളയമുണ്ടായപ്പോള്‍ എല്ലാവരും സഹായഹസ്തവുമായി ഓടിയെത്തിയെന്നും എന്നാല്‍ സാഹിത്യകാരന്‍മാരേയും ആസ്ഥാനഗായകനായ യേശുദാസിനേയും കാണാനില്ലെന്നും പിസി ജോര്‍ജ് 

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ ലോകമെന്പാട് നിന്നും സഹായങ്ങള്‍ എത്തിയെങ്കിലും മലയാളത്തിലെ സാഹിത്യപ്രതിഭകളേയും ആസ്ഥാനഗായകനായ യേശുദാസിനേയും കാണാന്‍ പോലും കിട്ടിയില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. യേശുദാസൊക്കെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകനാണെന്നും എന്നാല്‍ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം രംഗത്ത് ഇല്ലാത്തത് വേദനിപ്പിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞു.

എന്നാല്‍ ഈ സമയം സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിസി ജോര്‍ജിന് മറുപടിയുമായി രംഗത്തെത്തി. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡെസ്കില്‍ അടിച്ചാണ് മറ്റു നിയമസഭാ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്തത്.