കോട്ടയം: പി.സി. ജോര്‍ജ് തോക്ക് ചൂണ്ടിയതില്‍ പ്രതിഷേധിച്ച് കോട്ടയം മുണ്ടക്കയം പഞ്ചായത്തില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ഹര്‍ത്താല്‍ തുടരുകയാണ്. ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ കടകള്‍ അടഞ്ഞുകിടക്കുകയാണ്. അതേ സമയം പി.സി. ജോര്‍ജിന്റെ പരാതിയിന്‍മേല്‍ ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു.
സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് തൊഴിലാളികള്‍ക്കെതിരെ പിസി ജോര്‍ജ്ജ് നല്‍കിയിരിക്കുന്ന കേസ്. തൊഴിലാളികള്‍ നല്‍കിയ പരാതിയിന്‍മേല്‍ പി.സി. ജോര്‍ജിനെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
മുണ്ടക്കയത്തെ ഹാരിസണ്‍ പ്ലാന്റേഷന്റെ എസ്റ്റേറ്റ് കയ്യേറി കുടില്‍ കെട്ടിയവര്‍ക്ക് പിന്തുണയുമായെത്തിയ പി.സി ജോര്‍ജും തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ തൊഴിലാളികള്‍ക്കു നേരെ പി.സി. ജോര്‍ജ് എം.എല്‍.എ. തോക്ക് ചൂണ്ടുകയായിരുന്നു.
