2009ല്‍ പൊന്നാനിയില്‍ പി.ഡി.പിക്ക് കൂടി സമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണ് ഇടതു പക്ഷം മല്‍സരിച്ചത്. 2009ലും 2014ഉം ഇടതു പക്ഷത്തിന് പി.ഡി.പിയുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇടതു പക്ഷത്തെ തുണക്കേണ്ട എന്നാണ് പി.ഡി.പി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം, ജയിലില്‍ കഴിയുന്ന പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
മലപ്പുറത്ത് 20,000ത്തോളം വോട്ടുണ്ടെന്നാണ് പി.ഡി.പിയുടെ അവകാശവാദം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തോളം വോട്ടുകള്‍ നേടിയ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയെ തുണക്കാനാണ് പി.ഡി.പിയുടെ തീരുമാനം. എന്നാല്‍ മണ്ഡലത്തില്‍ അരലക്ഷത്തോളം വോട്ടുകളുള്ള എസ്.ഡി.പി.ഐ യെ ഈ സഖ്യത്തില്‍ പങ്കാളിയാക്കില്ല. അതേസമയം മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വെല്‍ഫയര്‍ പാര്‍ട്ടിയുടെയും എസ്.ഡി.പി.ഐ യുടെയും നേതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലപ്പുറത്ത് പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ ശ്രമിക്കുന്ന ഇടതു പക്ഷത്തിന് തിരിച്ചടിയാണ് പി.ഡി.പിയുടെ നിലപാട്.
