ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഒരു പി.ഡി.പി പ്രവര്‍ത്തകനും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മുഹമ്മദ് റംസാന്‍ ഷെയ്ക് ആണ് കൊല്ലപ്പെട്ട പി.ഡി.പി പ്രവര്‍ത്തകന്‍.

വീട്ടിലെത്തിയ മൂന്ന് തീവ്രവാദികള്‍ മുഹമ്മദ് റംസാനെ വെടവെച്ചു കൊല്ലുകയായിരുന്നു. ഹോസ്പിറ്റലിലേക്കുള്ള യാത്രയിലാണ് റംസാന്‍ മരിച്ചത്. 
കൊലയ്ക്ക് മുമ്പ് റംസാന്റെ കുടുംബം കൊല്ലരുതെന്ന് കേണപ്പോള്‍ കൂട്ടത്തിലുള്ള ഒരു തീവ്രവവാദി ഷൗക്കത്ത് കുമാര്‍ റംസാനെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നും പകരം കാലിന് വെടിയുതിര്‍ത്താല്‍ മതിയെന്നും വാശിപിടിച്ചു.

എന്നാല്‍ റംസാനെയും കുടുംബത്തെ സംരക്ഷിച്ച് നിന്ന ഷൗക്കത്തിനെയും ചേര്‍ത്ത് കൂട്ടത്തിലുള്ള ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താഴെ തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള തീവ്രവാദി ആക്രമണത്തില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അപലപിച്ചു. കുല്‍ഗാം ജില്ലയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആക്രമണം.