ബ്രസീല്‍: ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മകനെ മയക്കുമരുന്ന്, സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ബ്രസീല്‍ കോടതി തടവുശിക്ഷ വിധിച്ചു. മയക്കുമരുന്ന് കേസിലും കണക്കില്‍ പെടാത്ത പണം കൈവശം വെച്ചതിനുമാണഅ പ്രൊഫഷണല്‍ ഗോള്‍കീപ്പറായ എഡീനോയെ കോടതി ശിക്ഷിച്ചത്.

എഡീനോയെ ഇതേ കേസുകളില്‍ ഇതിന് മുമ്പും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2005 ലാണ് മയക്കുമരുന്ന് കേസില്‍ ഇദ്ദേഹത്തെ ആദ്യമായി പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2014ല്‍ 33 വര്‍ഷം തടവിന് വിധിച്ച എഡിനോയുടെ ശിക്ഷാ കാലയളവ് പിന്നീട് 12 വര്‍ഷവും 10 മാസവുമായി ചുരുക്കുകയായിരുന്നു.

എന്നാല്‍ തനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം എഡീനോ നിഷേധിച്ചു. സാന്‍റോസിലെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എഡീനോയെ പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു.
തനിയ്ക്കെതിരെ ഒരു തെളിവുപോലും ഇല്ലാതെയാണ് ഇത്തരത്തില്‍ ഒരു നടപടിയെന്നും എഡീനോ പറഞ്ഞു.

ഒരുകാലത്ത് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഉപയോഗിക്കാറില്ലെന്നും എന്നാല്‍ ഒരിക്കല്‍ പോലും താന്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എഡീനോ പറയുന്നു.