തിരുവനന്തപുരം: ആദ്യമായിട്ടല്ല കേരളത്തില്‍ പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നതെന്നും എന്നാല്‍ എല്‍ഡിഎഫിന്റെ കാലത്ത് നടന്ന ആത്മഹത്യകള്‍ മാത്രമാണ് ചര്‍ച്ചയാകുന്നതെന്നും ആരോപിച്ച് ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫ് ഭരണകാലത്ത് നടന്ന ആത്മഹത്യകള്‍ ചര്‍ച്ചയാക്കാത്തവരാണ് എല്‍ഡിഎഫിന്റെ ഭരണകാലത്ത് നടന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ആത്മഹത്യകളെക്കുറിച്ച് ചര്‍ച്ചയാക്കുന്നതെന്നും മന്ത്രി ആരോപിച്ചു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും വേദിയില്‍ ഇരിക്കെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദ പ്രസ്താവന.

കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി നല്‍കുന്നതിന്റെ വിതരണോദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി കടകംപള്ളിയുടെ വിവാദ പ്രസ്താവന ഉണ്ടായത്. കെഎസ്ആര്‍ടിസിയും സഹകരണവകുപ്പും സര്‍ക്കാരും തമ്മില്‍ എത്തിയിട്ടുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനമായത്. സംഘര്‍ഷങ്ങളും പ്രയാസങ്ങളും നിറഞ്ഞതാണ് യഥാര്‍ത്ഥ ജീവിതം. കേരളത്തില്‍ ആദ്യമായല്ല പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 26 പേരോളം ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈതെല്ലാം എല്ലാവരും സൗകര്യപൂര്‍വം മറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

പ്രതിപക്ഷം ശ്രമം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ ചെറിയ പ്രശ്‌നങ്ങളെ പോലും പെരുപ്പിച്ച് കാണിക്കാനാണ്. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ പ്രശ്‌നവും ഇത്തരത്തില്‍ ഒരു രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ അതിനേറ്റ കനത്ത പ്രഹരമാണ് ഇന്നിവിടെ നടക്കുന്ന പരിപാടിയെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസി ജനങ്ങളുടെ സ്വത്താണ്. നഷ്ടത്തിലായെന്ന് കരുതി കെഎസ്ആര്‍ടിസി പൂട്ടാനല്ല, ജനങ്ങള്‍ക്ക് ഏറെ പ്രയോജനമുള്ള പൊതുഗതാഗത സംവിധാനം ലാഭത്തിലാക്കാനുള്ള കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടികളുടെ പ്രവര്‍ത്തന പദ്ധതികളാണ് കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി ഇപ്പോഴത്തെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് മുഴുവന്‍ കുടിശ്ശികയും ചേര്‍ത്ത് പെന്‍ഷന്‍ കൊടുത്തു തുടങ്ങാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെയധികം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്ന സാഹചര്യത്തിലും സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരുന്നവര്‍ക്കുള്ള പ്രത്യാശയുടെ സമ്മാനമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തിലാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കുടിശ്ശിക അടക്കം നല്‍കാന്‍ വേണ്ട നടപടികള്‍ ഫലപ്രാപ്തിയില്‍ എത്തിയതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പ്രതീക്ഷിച്ചിരുന്ന തീയതിക്കും മുമ്പ് തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനായെന്നും ഇത് ജനകീയ സര്‍ക്കാരിന്റെ വിജയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യകള്‍ നടക്കുമ്പോഴും ആഘോഷമാക്കിയുള്ള പെന്‍ഷന്‍ കുടിശിക വിതരണോദ്ഘാടനത്തെ പ്രതിപക്ഷ പെന്‍ഷന്‍ സംഘടനകള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ജൂലൈക്ക് ശേഷവും പെന്‍ഷന്‍ കുടിശിക വരാതെ നല്‍കുന്നതിനായുളള പദ്ധതി അടുത്ത ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കെഎസ്ആടിസി എം.ഡി.എ.ഹേമചന്ദ്രന്‍ പറഞ്ഞത് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമായി. 5 മാസത്തെ കുടിശിക വിതരണമാണ് ഇപ്പോള്‍ തുടങ്ങിയത്. പെന്‍ഷന്‍കാരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് കുടിശ്ശിക വിതരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 287 കോടി രൂപയുടെ കുടിശ്ശിക വിതരണത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.