ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അധികാരികൾ മുന്നറിയിപ്പുകൾ നൽകാറുണ്ട്. എന്നാൽ പലപ്പോഴും പൊതു ജനം ഈ സുരക്ഷാ മുന്നറിയിപ്പുകൾ ലംഘിച്ച് കടലിൽ ഇറങ്ങുന്നത് പൊലീസിനും ദുരന്ത നിവാരണ സേനാംഗങ്ങൾക്കും ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. സുരക്ഷാ നിർദേശങ്ങൾ ശക്തമായി പാലിക്കണമെന്ന് സംസ്ഥാനത്താകമാനം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഞ്ചാരികൾ ഈ ദിവസങ്ങളിൽ യാത്ര മാറ്റി വെക്കണമെന്നും കടൽ തീരത്തു നിന്നും മാറി നിൽക്കണമെന്നുമെല്ലാം നിർദേശങ്ങളുണ്ട്. 

ഈവിവരങ്ങൾ മാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണികളിലൂടെയും നാട്ടുകാരിലേക്ക് എത്തിക്കാൻ സംസ്ഥാനത്തൊട്ടുക്കും ജില്ലാ ഭരണകൂടങ്ങൾ കിണഞ്ഞ് പരിശ്രമിക്കുമ്പോഴാണ് ആളുകള്‍ മുന്നറിയിപ്പ് അവഗണിക്കുന്നത്. വടക്കൻ തീരങ്ങളിൽ രാവിലെ 11 മണിയോടെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ദുരന്ത നിവാരണ സേനയും പൊലീസും കടൽ തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയത്. പലയിടങ്ങളിലും കളക്ടർ നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. 

എന്നാൽ എല്ലാ നിർദേശങ്ങളും മറി കടന്ന് പലരും സെൽഫി എടുത്തു. പൊലീസ് ആവശ്യപ്പെട്ടിട്ടും തിരിച്ച് കയറാതെ കടലിൽ ഇറങ്ങുന്നത് തുടർന്നു. ദുരന്ത നിവാരണ സേന സ്ഥാപിക്കുന്ന സൈൻ ബോർഡുകളും പൊലീസ് നൽകുന്ന നിർദേശങ്ങളും കണക്കിലെടുക്കാതെ കടൽ തീരത്ത് എത്തുന്നത് വലിയ അപകടമാണ് സൃഷ്ടിക്കുക.