മുംബൈ: ഇന്നലെ ഉച്ചമുതല്‍ മുംബൈയില്‍‌ തകര്‍ത്തുപെയ്യുന്ന മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീതിയലാണ് ജനം. മൂന്നാഴ്ച്ചകള്‍ക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കം രാജ്യത്തെ സാമ്പത്തിക തലസ്ഥാനത്തെ വലച്ചിരുന്നു. ഇന്നലെ മുതല്‍ തുടങ്ങിയ മഴ മറ്റൊരു ദുരന്തമാകുമോയെന്ന ആശങ്കയിലാണ് സര്‍ക്കാരും ജനങ്ങളും. മുന്‍കരുതലിന്‍റെ ഭാഗമായി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. 

വ്യോമ, റെയില്‍, റോഡ് ഗതാഗതത്തെ കനത്ത മഴ ബാധിച്ചെങ്കിലും ലോക്കല്‍ ട്രെയിനുകള്‍ പണിമുടക്കിയിട്ടില്ല. എന്നാല്‍ പല ലോക്കല്‍ ട്രെയിനുകളും മഴയെ തുടര്‍ന്ന് വൈകിയാണ് ഓടുന്നത്. വേലിയേറ്റ സാധ്യതയുള്ളതിനാല്‍ കടല്‍തീരത്തേക്ക് പോവരുതെന്ന് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അത്യാവശകാര്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാവൂ എന്ന് മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ ജനങ്ങളോട് നിര്‍ദേശിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 29 നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരണപ്പെട്ടിരുന്നു അതുകൊണ്ട് തന്നെ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തരുന്ന മുന്നറിയിപ്പ്.