ശ്രീനഗര്‍: മഞ്ഞിനെ വകവയ്ക്കാതെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വഴിയൊരുക്കി ഒരുകൂട്ടം യുവാക്കൾ. കനത്ത മഞ്ഞു വീഴ്ച്ചയിൽ ഗതാഗതം താറുമാറായ കശ്മീരിൽ യുവതിയെ ആശുപത്രിയിലെത്തിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്.  എന്നാൽ ആ പ്രയാസമൊന്നും കാര്യമാക്കാതെ യുവതിയേയും എടുത്ത് ആശുപത്രിയിലേക്ക് ഓടുകയാണ് ഇവർ.  

കിഴക്കേ കശ്മീരിലെ ഷീരി മേഖലയിലാണ് സംഭവം. ഗർഭിണിയായ യുവതിയുടെ നില അതീവ ഗുരുതരമായിരുന്നു. മഞ്ഞുവീഴ്ച്ചയായതിനാൽ ആംബുലൻസിന് വീട്ടിലേക്ക് വരാൻ കഴിയില്ല. തുടർന്ന് യുവാക്കൾ ചേർന്ന് യുവതിയെ എടുത്ത് കൊണ്ടുപോകുകയായിരുന്നു. വഴി മുഴുവൻ മഞ്ഞ് മൂടിയതിനാൽ ആളുകൾ നടക്കാൻ ബുദ്ധിമുട്ടി. എന്നാൽ എല്ലാ പ്രതിസന്ധികളേയും കവച്ചുവച്ച് യുവാക്കൾ യുവതിയെ ഷീരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

യുവതിയേയും ചുമലിലേറ്റി പോകുന്ന യുവാക്കളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ‌ വ്യാപകമായി പ്രചരിക്കുകയാണ്. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ മാധ്യമപ്രവർത്തകനായ ഇഷ്ഫഖ് താൻട്രിയാണ് പോസ്റ്റ് ചെയതത്.