ഇടുക്കി: ഇടുക്കി എട്ടാംമൈല്‍ കരിമ്പന്‍സിറ്റിയിലെ തോട്ടിലെത്തിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി നാട്ടുകാര്‍. ചൊവ്വാഴ്ച ഉച്ചയോടെ തോടിനു കുറുകെയുള്ള നടപ്പാലത്തിലൂടെ കടന്നുപോയവരാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചെങ്കിലും എത്താത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ പ്രദേശവാസികളായ ഷൈജു എം.ബി, ബൈജു, ബിജു, എം.കെ മോഹനന്‍ എന്നിവര്‍ ചേര്‍ന്നു പിടികൂടുകയായിരുന്നു. രണ്ടര മീറ്ററോളം നീളമുള്ള പാമ്പിനു 10 കിലോയോളം തൂക്കമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ പാമ്പിനെ അഞ്ചുരുളി വനത്തില്‍ തുറന്നുവിട്ടു.