സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ട ബീവറേജ് ഷോപ്പിന് മുന്നില്‍ വമ്പന്‍ വരി

ആലപ്പുഴ: സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ട ബീവറേജ് ഷോപ്പിന് മുന്നില്‍ വമ്പന്‍ വരി. കലവൂര്‍ പാതിരപ്പള്ളിയിലെ ദേശീയപാതയോരത്താണ് സംഭവം. ഒരൊറ്റ രാത്രി കൊണ്ട് പൊങ്ങിയ പുതിയ ബീവറേജസ് ഔട്ടലെറ്റിന് മുന്നില്‍ വന്‍ ക്യൂ ആയിരുന്നു. അറി‌ഞ്ഞവര്‍ ഓടി കൂടുകയായിരുന്നു. എന്നാല്‍ അവിടേക്ക് സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാം എത്തിയതോടെയാണ് പണി പാളിയത്.

തുടര്‍ന്ന് സിനിമയില്‍ മുഖംകാണിച്ചാണ് പലരും മടങ്ങിയത്. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറി നല്ല ഒറിജിനല്‍ ബീവറേജ് ഔട്ട്‌ലെറ്റാക്കി മാറ്റുകയായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് പാതിരപ്പള്ളിയില്‍ ചിത്രീകരിച്ചത്.