പത്തുവർഷത്തിലേറെയായി കിടങ്ങിൽ ഇങ്ങിനെ വെളളം നിറഞ്ഞിട്ട്.  കിടങ്ങ് നിറഞ്ഞുകവിഞ്ഞത് പറഞ്ഞുകേട്ടവർ കണ്ടറിയാൻ നേരിട്ടെത്തുകയാണ്

പാലക്കാട്: മഴകനത്തതോടെ, സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കുകയാണ് പാലക്കാട്ടെ ടിപ്പുവിന്‍റെ കോട്ടയും ചുറ്റുമുളള കിടങ്ങും. കോട്ടയുടെ രക്ഷാകവചമായിരുന്ന കിടങ്ങ് വെളളം നിറഞ്ഞുകിടക്കുന്നത് കാണാൻ നിരവധി പേരാണ് ദിവസവും എത്തുന്നത്. ടിപ്പുവിന്‍റെ കോട്ടകാണാനെത്തുന്നവരുടെ മനസ് നിറയ്ക്കുകയാണ്, നിറഞ്ഞു തുളുമ്പാറായ കിടങ്ങ്. പത്തുവർഷത്തിലേറെയായി കിടങ്ങിൽ ഇങ്ങിനെ വെളളം നിറഞ്ഞിട്ട്. കിടങ്ങ് നിറഞ്ഞുകവിഞ്ഞത് പറഞ്ഞുകേട്ടവർ കണ്ടറിയാൻ നേരിട്ടെത്തുകയാണ്. വൈകുന്നേരങ്ങളിലെ പതിവ് നടത്തക്കാരുമുണ്ട്.

 കോട്ടയ്ക്ക് ചുറ്റുമുളള കിടങ്ങ് വൃത്തിയാക്കി പെഡൽബോട്ടിറിക്കാൻ നേരത്തെ ഡിറ്റിപിസി ക്ക് പദ്ധതിയുണ്ടായിരുന്നു. കിടങ്ങിൽ വെളളമില്ലാത്തതും പായലും കുളവാഴയും നിറഞ്ഞതുമാണ് വില്ലനായി. ഏറെക്കാലം കിടങ്ങിൽ വെളളം നിറഞ്ഞുനിന്നാൽ ബോട്ടിറക്കി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഡിറ്റിപിസി ലക്ഷ്യമിടുന്നു.