സംസ്ഥാനത്തെ ആദിവാസികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗമാണ് മല്‍സ്യത്തൊഴിലാളികള്‍. കോടികള്‍ കടലില്‍ നിന്ന് വാരുന്നുണ്ടെങ്കിലും ഈ തീരദേശവാസികളുടെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്ന പാവങ്ങള്‍.

ദിവസങ്ങളോളം കടലില്‍ പണിയെടുത്തിട്ടും അഞ്ഞൂറും രൂപ പോലും കിട്ടാത്ത ജീവിതങ്ങള്‍. മല്‍സ്യഫെഡും ഫിഷറീസും തുടങ്ങി നിരവധി സംവിധാനങ്ങള്‍ കോടികള്‍ ഇവര്‍ക്ക് വേണ്ടി മുടക്കുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ മല്‍സ്യത്തൊഴിലാളികള്‍ക്ക് കിട്ടിയില്ലെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഞങ്ങള്‍ എടുത്തുകാട്ടി. തീരദേശ പരിപാലന നിയമത്തിന്‍റെ പേരില്‍ കടല്‍ത്തീരത്ത് വീട് വെക്കാന്‍ കഴിയാത്തവര്‍ ഇടനിലക്കാരുടെ ചൂഷണത്തില്‍ കിടന്ന് പിടയുന്ന മല്‍സ്യത്തൊഴിലാളികള്‍, തലചായ്ച്ചുറങ്ങാന്‍ നല്ലൊരു കൂരയില്ലാത്തവര്‍, കുടിവെള്ളം ഇന്നും കിട്ടാക്കനിയാവുന്ന തീരദേശങ്ങള്‍, കക്കൂസില്ലാതെയും വിദ്യാഭ്യാസം കിട്ടാതെയും ദുരിതമനുഭവിക്കുന്നവര്‍. 

വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്ത് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ച മാറാട് പോലുള്ള തീരങ്ങള്‍. കടലാക്രമണത്തില്‍ വീട് തകര്‍ന്നുപോയവര്‍ വര്‍ഷങ്ങളായി താമസിക്കുന്ന ദുരിതാശ്വാസ ക്യമ്പുകളിലെ ശോചനീയാവസ്ഥ, വലിയ വാഗ്ദാനം നല്‍കി വന്‍കിട പദ്ധതി തുടങ്ങിയപ്പോള്‍ പറഞ്ഞ വാക്ക് പാലിക്കാതെ പുനരധിവാസം ഇന്നും കിട്ടാത്തവര്‍, മല്‍സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട മല്‍സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലും മല്‍സ്യഫെഡിലും നടക്കുന്ന വ്യാപകമായ ക്രമക്കേടുകള്‍, കോടികള്‍ ചെലവഴിച്ച് വന്‍കിട ബോട്ടുകള്‍ നിയമലംഘിച്ച് മീന്‍ കൊണ്ടുപോകുമ്പോള്‍ അത് കൈയ്യും കെട്ടി നോക്കി നില്‍ക്കേണ്ടി വരുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍.

അതോടൊപ്പം തീരം വ്യാപകമായി വാങ്ങിക്കൂട്ടി മല്‍സ്യത്തൊഴിലാളികള്‍ക്ക് പോലും തീരത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന റിസോര്‍ട്ട് മാഫിയ, തീരത്തോട് ചേര്‍ന്ന് ഒരു നിയമവും ബാധകമല്ലാതെ കെട്ടിടങ്ങല്‍ കെട്ടിപ്പൊക്കുന്ന റിസോര്‍ട്ട് മാഫിയ. കഴിഞ്ഞ മൂന്നാഴ്ച ഞങ്ങള്‍ ഈ വിഷയങ്ങള്‍ ഒന്നൊന്നായി ഇഴകീറി പരിശോധിച്ചപ്പോഴേക്കും സര്‍ക്കാര്‍ ഇടപെടലുകളുണ്ടായി.

മല്‍സ്യത്തൊഴിലാളികള്‍ക്കായി സമഗ്ര പാര്‍പ്പിട പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് മന്ത്രി പറഞ്ഞു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മത്സ്യം നേരിട്ട് മാര്‍ക്കറ്റിലെത്തിക്കാന്‍ കോപ്പറേറ്റീവ് സൊസൈറ്റികളെ ചുമതലപ്പെടുത്തും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികളുടെ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ ഇടപെടുമെന്ന് പ്രതീഷിക്കാം.