കൃത്രിമ ജലപാത നിർമ്മാണത്തിനെതിരെ പ്രക്ഷോഭം സമരം ഇന്ന് നാലാം ഘട്ടത്തിലേക്ക്

പാനൂർ: കണ്ണൂർ ജില്ലയിലെ പാനൂരിൽ കൃത്രിമ ജലപാത നിർമ്മാണത്തിനെതിരെ പാനൂരിലെ സമരസമിതി സംഘടിപ്പിച്ച പ്രക്ഷോഭം നാലാം ഘട്ടത്തിലേക്ക്. പാനൂർ വില്ലേജ് ഓഫീസിലേക്കാണ് സമരസമിതി പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. ഉൾനാടൻ ജലപാത പദ്ധതിയുടെ ഭാ​ഗമായി കണ്ണൂർ ജില്ലയിലെ പാനൂർ ഉൾപ്പെടെയുള്ള മൂന്നിടങ്ങളിൽ ഇരുപത്തിനാല് കിലോമീറ്റർ നീളത്തിൽ കൃത്രിമജലപാത നിർമ്മിക്കാനാണ് സർക്കാർ തീരുമാനം. കൃത്രിമമായി സൃഷ്ടിക്കുന്ന ജലപാത പരിസ്ഥിതിയെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് സമരസമിതി പ്രവർത്തകർ വ്യക്തമാക്കുന്നു. ഈ പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിലെ നൂറിലധികം വീടുകൾ നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് ജനങ്ങളെ സമരത്തിനിറങ്ങാൻ പ്രേരിപ്പിച്ചത്. 

''കഴിഞ്ഞ ഡിസംബർ മാസത്തിലാണ് കൃത്രിമ ജലപാതയ്ക്കെതിരെയുള്ള സമരങ്ങൾ ആരംഭിച്ചത്. വിവിധ സ്ഥലങ്ങളിലായി ഏഴ് പ്രാദേശിക കമ്മറ്റികൾ രൂപീകരിച്ച് അവയെല്ലാം ഏകോപിപ്പിച്ചാണ് സംയുക്ത സമരസമിതി രൂപീകരിച്ചത്. പാനൂർ ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. മാഹി മുതൽ വളപട്ടണം വരെയുള്ള മുപ്പത് കിലോമീറ്റരർ ദൂരത്തിൽ കരയിൽക്കൂടി കൃത്രിമമായി കനാലുകൾ നിർമ്മിച്ച് ഈ രണ്ട് പുഴകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പ്രോജക്റ്റ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ഇത് പ്രകൃതിയെ വളരെ ദോഷകരമായ രീതിയിൽ ബാധിക്കും. സ്വാഭാവികമായ ജലസ്രോതസ്സുകളും മരങ്ങളും നഷ്ടപ്പെടും. നൂറിലധികം വീടുകൾ പൂർണ്ണമായും നഷ്ടപ്പെടും. ചില വീടുകൾ ഭാ​ഗികമായി നശിക്കുകയും വാസയോ​ഗ്യമല്ലാതായിത്തീരുകയും ചെയ്യും. ചുരുക്കത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ഇരുനൂറ്റമ്പതിലധികം വീടുകളെയാണ് ഈ പദ്ധതി പ്രതികൂലമായി ബാധിക്കുന്നത്. എന്താണ് ഈ പദ്ധതി കൊണ്ടുള്ള നേട്ടം എന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിക്കാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല'' സമരസമിതി പ്രവർത്തകരിലൊരാളായ ബാലകൃഷ്ണന്റെ വാക്കുകൾ

സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വൻ ജനപങ്കാളിത്തമാണ് ഈ സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയമോ മതമോ ജാതിയോ കണക്കിലെടുക്കാതെ എല്ലാ ജനങ്ങളും ഇതിൽ പങ്കാളികളാണെന്ന് സമരസമിതി നേതാക്കൾ പറയുന്നു. ജനുവരിയിൽ രൂപം കൊണ്ട സമരസമിതിയുടെ ആദ്യത്തെ പ്രക്ഷോഭം പാനൂർ ബസ്റ്റാൻഡിൽ നിന്നായിരുന്നു തുടങ്ങിയത്. പിന്നീട് താലൂക്ക് ഓഫീസ് മാർച്ച്, കണ്ണൂർ കളക്ടറേറ്റ് മാർച്ച് എന്നിവ സംഘടിപ്പിച്ചു. നാലാമത്തെ പ്രതിഷേധ മാർച്ചാണ് വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥനങ്ങളെല്ലാം തന്നെ സർക്കാരിന്റെ ഈ ജനവിരുദ്ധ സമരസമിതിയിൽ പങ്കാളികളാണെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നു.