തമിഴ് ജനത ഒന്നടങ്കം സ്നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്ന കരുണാനിധി. അതുകൊണ്ടുതന്നെ മരണവാര്‍ത്ത ജനങ്ങളെ കണ്ണീരിലാഴ്ത്തുന്നു
തമിഴ് ജനതയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായിരുന്നു കരുണാനിധി. കലൈഞ്ജര്‍ എന്ന ഓമനപ്പേരില്‍ അവര്‍ സ്നേഹിച്ചതും അതുകൊണ്ടാണ്. ജയലളിതയ്ക്ക് പിന്നാലെ തമിഴ് മക്കളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി കലൈഞ്ജര്‍ യാത്രയാകുമ്പോള്‍ ആ സ്നേഹം വര്‍ണനകള്‍ക്കപ്പുറമാകുകയാണ്.
കലൈഞ്ജറോട് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വിളിച്ചുപറഞ്ഞുകൊണ്ട് കണ്ണീരുമായി ജനം അദ്ദേഹത്തെ അവസാനമായൊന്നുകാണാന്‍ ഒഴുകി എത്തുകയാണ്. കരുണാനിധി മരിച്ചിട്ടില്ലെന്നും തമിഴ് മക്കള്‍ വിളിച്ചുപറയുന്നുണ്ട്. ഞങ്ങളെ ഒറ്റയ്ക്കാക്കി കലൈഞ്ജര്‍ക്ക് പോകാനാകില്ലെന്ന വികാരമാണ് തമിഴകം പങ്കുവയ്ക്കുന്നത്.
ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന ആ രാഷ്ട്രീയ ജീവിതം അത്രമേല്‍ സുന്ദരമായിരുന്നു. ഒരിക്കല്‍ പോലും പരാജയം അദ്ദേഹത്തെ തേടിയെത്തിയിട്ടില്ലെന്നതും തമിഴകത്തിന്‍റെ സ്നേഹം തെളിയിക്കുന്നതാണ്. 45 ാം വയസ്സില്‍ 69 ല്‍ ആദ്യമായി മുഖ്യമന്ത്രിയായി അധികാരം കയ്യാളിയ കരുണാനിധി അത്രമേല്‍ ജനകീയനുമായിരുന്നു.
തമിഴ്നാട്ടിലെ തെരുവുകളെല്ലാം കലൈജ്ഞര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി നിറഞ്ഞിരുന്നു. എല്ലാ പ്രാര്‍ത്ഥനകളെയും അസ്ഥാനത്താക്കി അദ്ദേഹം യാത്രയായപ്പോള്‍ ഒരു ജനത ഒന്നടങ്കം കണ്ണീരുമായി തെരുവില്‍ നിന്ന് ചോദിക്കുന്നത് ഞങ്ങളുടെ കലൈഞ്ജര്‍ എവിടെ എന്നു തന്നെയാണ്. ആ വിയോഗം അംഗീകരിക്കാന്‍ തമിഴ് മക്കള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
