ഇടുക്കി: പുതുവത്സരാഘോഷത്തിന്റെ മറവില്‍ രാജാക്കാട് ടൗണില്‍ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും നേരെ അക്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പൊലീസിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് ഒളിവിലായിരുന്ന മുഖ്യപ്രതി കരുവച്ചാട്ട് സുജിത്ത്(38), സഹായി പ്ലാക്കുന്നേല്‍ സുദേവ്(18) എന്നിവരെ രാജാക്കാട് എസ്‌ഐ, കെ.ജി.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം എറണാകുളം ഹില്‍പാലസില്‍ വച്ച് രണ്ട് കിലോഗ്രാം കഞ്ചാവുമായി സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസത്തിലധികം ജയിലില്‍ കിടന്ന ശേഷമാണ് ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഈ കേസിന്റെ വിസ്താരത്തിനായി എറണാകുളത്തെ കോടതിയില്‍ ഹാജരായി പുറത്തിറങ്ങിയപ്പോഴായിരുന്നു സുജിത്തിനെയും കൂട്ടാളിയെയും രാജാക്കാട് നിന്നുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എസ്‌ഐ, കെ.ജി.പ്രകാശിനൊപ്പം എഎസ്‌ഐ സജി.എന്‍.പോള്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിന്‍സ്, രമേശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിലുള്‍പ്പെട്ട അഞ്ച് പ്രതികള്‍ ഒളിവിലാണ് ഇവരെക്കുറിച്ചുള്ള സൂചന ലഭിച്ചുവെന്നും ഉടന്‍ പിടികൂടുമെന്നും രാജാക്കാട് എസ്‌ഐ പി.ഡി.അനൂപ് മോന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരടക്കം പതിനാല് പ്രതികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്. എസ്റ്റേറ്റ് പൂപ്പാറ, മകരപ്പറമ്പില്‍ ശ്യാം(19), സഹോദരന്‍ ശരത്ത്(18), നടുമറ്റം തെക്കേക്കുന്നേല്‍ എബിന്‍(20) എന്നിവരെ സംഭവം നടന്ന ഉടന്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയിരുന്നു. അറസ്റ്റിലായവരില്‍ മറ്റ് നാല് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.