പുതുശ്ശേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ അതിരൂക്ഷമായ ജലക്ഷാമം നേരിടുമ്പോഴും ശീതള പാനീയ കമ്പനികള്‍ വന്‍തോതില്‍ ജലചൂഷണം നടത്തുന്ന സാഹചര്യത്തിലാണ് പെപ്‌സികോയോടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ആവശ്യപെടുന്നത്. 

ഇതിന് മുന്നോടിയായി മെയ് രണ്ടിന് പ്രമേയം പാസാക്കി സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. കമ്പനി എത്ര ജലമെടുക്കുന്നുവെന്ന കണക്ക് പഞ്ചായത്തിന്റെ കൈവശം ഇല്ല. കോടതിയില്‍ നല്‍കിയ മറുപടിയില്‍ പ്രതിദിനം 6 ലക്ഷം ലിറ്റര്‍ എന്നാണ് അറിയിച്ചിരുന്നത്. 2001ല്‍ പ്രവര്‍ത്തനം ആരംഭിച്ച് ഇതുവരെയായി കെട്ടിട നികുതി ഇനത്തിലോ തൊഴില്‍ നികുതി ഇനത്തിലോ ഒരു രൂപ പോലും പെപ്‌സി കമ്പനിയില്‍ നിന്ന് പഞ്ചായത്തിന് ലഭിച്ചിട്ടുമില്ല.

നികുതി നല്‍കാന്‍ ആവശ്യപ്പെട്ട് പലതവണയായി സമര്‍പ്പിച്ച നോട്ടീസുകള്‍ക്ക് കമ്പനി മറുപടി പോലും നല്‍കിയിരുന്നില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസവും ഇക്കാര്യം മുന്‍നിര്‍ത്തി കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു.സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പ്രവര്‍ത്തനം തുടര്‍ന്നാല്‍ ജനകീയ പ്രതിരോധത്തിന് പഞ്ചായത്ത് മുന്‍കൈ എടുക്കുമെന്ന് ഭരണ സമിതി വ്യക്തമാക്കുന്നു.വെള്ളമെടുക്കാന്‍ കോടതി വിധി ഉണ്ടെന്നാണ് പെപ്‌സികോയുടെ വിശദീകരണം.