കോഴിക്കോട്: പേരാമ്പ്ര ഇരട്ടക്കൊലപാതക കേസ്സിന്‍റെ വിചാരണ അന്തിമഘട്ടത്തിലെത്തി. വടകര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. പേരാമ്പ്ര ഞാണിയതെരുവില്‍ വൃദ്ധ ദമ്പതികളായ ബാലന്‍- ശാന്ത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. 2015 ജൂലൈ ഒന്‍പതിനാണ് സംഭവം. അയല്‍വാസിയായ പ്രതി ചന്ദ്രന്‍ പണത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി ദമ്പതികളെ വെട്ടികൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊലപാതകത്തിനിടെ ശബ്ദം കേട്ട് ദമ്പതികളുടെ വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയേയും പ്രതി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്നും കേസില്‍ പറയുന്നു.

പ്രോസിക്യൂഷന്‍ 48 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു.100 ഓളം രേഖകളും ഇതുവരെ ഹാജരാക്കി.പരിക്കേറ്റ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പരിശോധിച്ച ഡോക്ടറെ അസുഖം മൂലം വിസ്തരിക്കാന്‍ പ്രത്യേക കമ്മീഷനെ വെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ എം.ആശോകന്‍, ടി. ഷാജിത്ത് എന്നിവരാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍.