നിപ: പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരെ മാറ്റി നിര്‍ത്തുന്നതായി പരാതി

പേരാമ്പ്ര: നിപ വൈറസ് ബാധയേറ്റവരെ ചികിത്സിച്ചതിനെ തുടര്‍ന്ന് രോഗം ബാധിച്ച് മരിച്ച നഴ്സ് ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ മാറ്റി നിര്‍ത്തുന്നതായി പരാതി. ചില ബസ്, ഓട്ടോ ജീവനക്കാര്‍ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ കൈയില്‍ നിന്ന് പണം വാങ്ങാന്‍ പോലും മടിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു.

ജോലി കഴിഞ്ഞു പോകുന്ന നഴ്സുമാരുടെ അടുത്ത് ഓട്ടോയിലിരിക്കാന്‍ മറ്റുയാത്രക്കാരെ വിലക്കിയതായും ഇവര്‍ ആരോപിക്കുന്നു. നിപ ഭീഷണി നിലനില്‍ക്കുമ്പോഴും ജോലിക്കെത്തുന്ന ജീവനക്കാരോട് ചിലര്‍ ക്രൂരമായി പെരുമാറുന്നതായും, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനാണോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതായും ജീവനക്കാര്‍ പറയുന്നു. ദൂരെ നിന്ന് വരുന്ന ചില ജീവനക്കാരെ വാഹനങ്ങളില്‍ കയറ്റുന്നതിന് പോലും ബുദ്ധിമുട്ട് കാണിക്കുന്നതായും ജീവനക്കാര്‍ ആരോപിക്കുന്നുണ്ട്.

വളെരയധികം മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച് ജോലി ചെയ്യുമ്പോള്‍ ഇത്തരം പെരുമാറ്റങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതായും പല നഴ്സുമാരും കരയുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയതായും ജീവനക്കാര്‍ പറയുന്നു. ഇത്തരം മാറ്റിനിര്‍ത്തലിന് ബോധവല്‍ക്കരണത്തിലൂടെ പരിഹാരം കാണണമെന്നും ജീവനക്കാര്‍ പറഞ്ഞു. അതേസമയം എല്ലാ ബസ്, ഓട്ടോ ജീവനക്കാരും ഇത്തരത്തില്‍ പെരുമാറുന്നില്ലെന്നും ചിലര്‍ മാത്രമാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും ജീവനക്കാര്‍ വ്യക്തമാക്കി.