ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്ന് സിബിഐ ഓഫീസര്‍ സുപ്രീം കോടതിയില്‍. വാങ്ങിയ ബാറ്ററികള്‍ എന്തിനു വേണ്ടിയാണെന്ന് തനിക്കറിയില്ല എന്നായിരുന്നു പേരറിവാളന്‍റെ മൊഴി. എന്നാല്‍ അക്കാര്യം കുറ്റസമ്മതത്തില്‍ നിന്ന് തങ്ങള്‍ വെട്ടിമാറ്റിയിരുന്നെന്നാണ് സിബിഐ ഉദ്യോഗസ്ഥനായ വി. ത്യാഗരാജന്‍ സുപ്രീംകോടതിയെ അറിയിച്ചത്. 

ഒന്‍പത് വോള്‍ട്ടിന്‍റെ രണ്ട് ബാറ്ററി വാങ്ങി നല്‍കിയെന്നത് ഗൂഡാലോചനയിലെ പങ്ക് തെളിയിക്കുന്ന വസ്തുതയല്ല. എന്നാല്‍ സിബിഐ സമര്‍പ്പിച്ച പേരറിവാളന്‍റെ തെറ്റായ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി അദേഹത്തെ ശിക്ഷിച്ചത്. ബാറ്ററി വാങ്ങിയത് എന്തിനാണെന്ന് തനിക്കറിയില്ലെന്ന മൊഴി അതേപടി രേഖപ്പെടുത്തിയിരുന്നെങ്കില്‍ പേരറിവാളന്‍ രക്ഷപെടുമെന്ന് സിബിഐക്കറിയാമായിരുന്നു.

ഇക്കാര്യത്തില്‍ പേരറിവാളന് നീതി ലഭ്യമാക്കന്‍ കോടതി തയ്യാറാകണമെന്ന് ത്യാഗരാജന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ശ്രീപെരുപുതൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 1991ലാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. അതേസമയം രണ്ടര പതിറ്റാണ്ടായി തടവിലിട്ടിരിക്കുന്നത് എന്തിനാണെന്ന് പേരറിവാളന്‍റെ അഭിഭാഷകന്‍ ശങ്കരനാരായണന്‍ ചോദിച്ചു. .