ദില്ലി: കന്നുകാലികാലികളെ കശാപ്പിന് വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മത വിശ്വാസത്തിന്റെ ഭാഗമായുള്ള മൃഗബലി അനുവദിക്കാമെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് കേന്ദ്ര വിജ്ഞാപനമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനക്ക് വേണ്ടി മാംസ വ്യാപാരി ആയ ഹക്കീം ഖുറേഷി ആണ് കേന്ദ്ര വിജ്ഞാപനത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര വിജ്ഞാപനം നേരത്തെ ചെന്നൈ ഹൈകോടതിയുടെ മധുര ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
കേരള ഹൈകോടതിയിലും കേന്ദ്ര വിജ്ഞാപനത്തിന് എതിരായ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ഹൈകോടതികളില്‍ ഉള്ള ഹര്‍ജികള്‍ എല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.
