തിരുവനന്തപുരം:മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന സിപിഐ മന്ത്രിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആലപ്പി അഷ്റഫാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെ ഹര്‍ജി നല്‍കിയത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ട് നിന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നയപരമായ തീരുമാനം എടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി ഇവരെ വിലക്കണമെന്നും ഹര്‍ജിയിലുണ്ട്.

കായല്‍ കൈയേറിയ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ഇതേതുടര്‍ന്ന് സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രിയടക്കം വിമര്‍ശിച്ചിരുന്നു. മന്ത്രിമാര്‍ ക്യാബിനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത് അസാധാരണ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.