അജ്ഞാതരുടെ വധഭീഷണിയിലും വിദ്വേഷ പ്രചാരണത്തിലും ഭയന്നാണ് ഹര്‍ജിക്കാര്‍ മൗനം പാലിക്കുന്നത്. അതേ സമയം മറ്റൊരു ഹര്‍ജിക്കാരായ പ്രേരണകുമാരി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്ന് നിലപാട് മാറ്റി.
ദില്ലി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീ പ്രവേശത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച യങ്ങ് ലോയേഴ്സ് അസോസിയേഷൻ ചരിത്ര വിധിയോട് പരസ്യപ്രതികരണത്തിനില്ല . അജ്ഞാതരുടെ വധഭീഷണിയിലും വിദ്വേഷ പ്രചാരണത്തിലും ഭയന്നാണ് ഹര്‍ജിക്കാര്‍ മൗനം പാലിക്കുന്നത്. അതേ സമയം മറ്റൊരു ഹര്‍ജിക്കാരായ പ്രേരണകുമാരി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്ന് നിലപാട് മാറ്റി.
2006ലാണ് യങ് ലോയേഴ്സ് അസോസിയേഷന് കീഴിലെ അഭിഭാഷകർ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അസോസിയേഷൻ ഭാരവാഹികൾ എല്ലാം ഹര്‍ജിക്ക് പൂർണ പിന്തുണ നൽകി. പിന്നാലെ ഹര്‍ജിക്കാര്‍ക്ക് നേരിടേണ്ടിവന്നത് തുടരെ തുടരെയുള്ള ഭീഷണികള്‍.
അജ്ഞാതര്‍ കത്തിലൂടെയും ഫോണ്‍ വിളിയിലൂടെയും വധ ഭീഷണി മുഴക്കി. വീഡിയോ വഴി വിദ്വേഷ പ്രചാരണം നടത്തി. ഇതേ തുടര്‍ന്ന് പ്രധാന ഭാരവാഹിക്ക് കുറച്ചു കാലം രാജ്യത്ത് നിന്ന് മാറി നില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ ഇദ്ദേഹം ദില്ലിയിൽ പൊലീസ് സുരക്ഷയിലാണ് .നേരത്തെ സ്ത്രീ പ്രവേശനത്തിന് കോടതിയെ സമീപിച്ചെങ്കിലും ഇപ്പോള്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്ന് ജസ്റ്റിസ ഇന്ദു മല്‍ഹോത്രയുടെ ഭിന്ന വിധിക്കൊപ്പമാണ് മറ്റൊരു ഹര്‍ജിക്കാരിയായ പ്രേരണ കുമാരി.
അതേ സമയം വിധിയെ ദേശീയ വനിതാ കമ്മിഷൻ സ്വാഗതം ചെയ്തു. കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും വനിതാ നേതാക്കളും സ്ത്രീപ്രവേശനത്തിനൊപ്പമാണ്. സുപ്രീംകോടതി നടപടിയില്‍ ബി.ജെ.പി ഒൗദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല .അതേ സമയം കേന്ദ്രമന്ത്രി മനേകാ ഗാന്ധി വിധിയെ സ്വാഗതം ചെയ്തു.
