വെള്ളിയാഴ്ച മുതല്‍ രാജ്യവ്യാപകമായി നടത്താനിരുന്ന പെട്രോള്‍ ഡീലര്‍മാരുടെ സമരം പിന്‍വലിച്ചു. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ദില്ലിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. പെട്രോള്‍, ഡീസൽ വില ദിവസം തോറും പുതുക്കാനുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്. ഓട്ടോമേഷൻ സംവിധാനം പൂര്‍ണതോതില്‍ നിലവില്‍ വരാതെ ഇത് നടപ്പാക്കാനിവില്ലെന്നായിരുന്നു ഡീലര്‍മാരുടെ വാദം. ഈ സംവിധാനം അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പ് പൂര്‍ണമായി നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അതു വരെ പമ്പുടമകള്‍ക്ക് നേരിട്ട് വില നിലവാരം മീറ്ററില്‍ പുതുക്കാം. മാത്രമല്ല, വിലയില്‍ മാറ്റം വരുത്തുന്നത് അര്‍ധരാത്രി എന്നത് പിറ്റേന്ന് ആറ് മണിയാക്കി നിശ്ചയിക്കുകയും ചെയ്തു.