കൊച്ചി: കേരളത്തിലെ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്. ജി.എസ്.ടി നടപ്പിലായപ്പോള്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും പെട്രോളിന് വില കുറഞ്ഞതാണ് വില്‍പ്പനയെ ബാധിച്ചത്. ദിവസംതോറും വില വര്‍ധിക്കാന്‍ തുടങ്ങിയതും ഉപഭോക്താക്കളെ പിന്നോട്ടടിപ്പിച്ചു. കേരളത്തിലെ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ ശരാശരി ഇരുപത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജി.എസ്.ടിക്ക് ശേഷം കര്ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തേക്കാള്‍ ഇന്ധന വില കുറഞ്ഞതാണ് വില്‍പ്പനയെ ബാധിച്ചത്. പെട്രോളിന് കര്‍ണാടകത്തില്‍ മൂന്നര രൂപയും തമിഴ്‌നാട്ടില്‍ ഒന്നര രൂപയുമാണ് ലിറ്ററിന് കുറവ്. ഡീസലിനാവട്ടെ തമിഴ്‌നാട്ടില്‍ ഒന്നര രൂപയും കര്‍ണാടകത്തില്‍ അഞ്ച് രൂപയുമാണ് ലിറ്ററിന് കുറവ്. ഈ സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ അവിടെ നിന്ന് ഇന്ധനം നിറയ്ക്കാന്‍ തുടങ്ങിയതോടെ വില്‍പ്പന കുറഞ്ഞു. ദിവസം തോറും വില വര്‍ധിക്കാന്‍ തുടങ്ങിയതും തിരിച്ചടിയായി.
ഉത്സവ കാലമാകുമ്പോള്‍ സാധരണ ഇന്ധന വില്‍പ്പനയില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാകാറുണ്ട്. ഇത്തവണ ഇത് ഉണ്ടായില്ല എന്ന് മാത്രമല്ല 15 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. ഫലത്തില്‍ ഉത്സവ കാല വില്‍പ്പനയില്‍ 25 ശതമാനത്തിന്റെ കുറവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍ക്കോട്, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്
