തിരുവനന്തപുരം: മരുന്നുവില നിയന്ത്രണം അട്ടിമറിക്കാന്‍ ഔഷധ ലോബി വീണ്ടും രംഗത്ത്. വില നിയന്ത്രണ പട്ടികയിലുള്‍പ്പെട്ട ചേരുവകളുടെ പേരിനൊപ്പം പുതിയ പേരു കൂടി ചേര്‍ത്ത് മരുന്നുകള്‍ പുതിയ മരുന്നുകള്‍ വിപണയിലെത്തിച്ചു തുടങ്ങി. അഞ്ചിരട്ടിയിലധികം വില വര്‍ധനയാണ് പുതിയ മരുന്നുകളില്‍ ഉണ്ടായിട്ടുള്ളത്.

വില നിയന്ത്രണ പട്ടികയിലുള്‍പ്പെട്ട മരുന്നുള്‍ക്കും ചേരുവകള്‍ക്കും നിശ്ചിത വിലയിലധികം എംആര്‍പി ഈടാക്കാന്‍ കമ്പനികള്‍ക്ക് കഴിയില്ല. ഒന്നിലധികം ചേരുവകള്‍ ചേര്‍ന്ന മരുന്നുകളുടെ കാര്യത്തില്‍ ഒരു ചേരുവക്ക് മാറ്റം വരുത്തി പുതിയ മരുന്ന് വിപണിയിലെത്തിച്ചെങ്കിലും അതിനും വിലക്ക് വീണു. ഇതോടെയാണ് പുതിയ തന്ത്രവുമായി ഔഷധ ലോബി രംഗത്തെത്തിയത്. ചേരുവകളുടെ രാസഘടനയില്‍ വളരെ ചെറിയ മാറ്റം വരുത്തും. അതോടെ പേരുമാറും. വില നിയന്ത്രണ പട്ടികയില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്യും. നിശ്ചിത വിലയില്‍ നിന്ന് ആറും ഏഴും ഇരട്ടി വരെ വില കുതിച്ചുകയറും.

നിലവില്‍ പുതിയതായി വിപണിയിലിറങ്ങിയ വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ് ഇബുപ്രൂഫിന്‍ + പാരസെറ്റമോള്‍. എന്നാല്‍ ഇതു രണ്ടും വില നിയന്ത്രണത്തില്‍ വന്നതോടെ ഡെക്സ് ഇബുപ്രുഫിന്‍ + പാരസെറ്റമോള്‍ എന്നപേരില്‍ പുതിയ മരുന്ന് ഇറക്കി. ഇബുപ്രൂഫിന്‍ + പാരസെറ്റമോള്‍ , 10 ഗുളികക്ക് വെറും 8 രൂപയായിരുന്നെങ്കില്‍ ഡെക്സ് ഇബുപ്രുഫിന്‍ + പാരസെറ്റമോള്‍ 10 എണ്ണത്തിന് വില 60 രൂപയായി. ഏ‍ഴിരട്ടിയിലേറെ വില. അതേസമയം പഴയ മരുന്നിന്റെ അതേ ഗുണം തന്നെയാകും ഇതിനുമുണ്ടാകുകയെന്നാണ് വിദഗ്ധരുടെ പക്ഷം.