തട്ടിപ്പിനിരയായവരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ഷാര്‍ജ: സമ്മാനങ്ങള്‍ ലഭിച്ചുവെന്ന പേരില്‍ ആളുകളെ ഫോണില്‍ വിളിച്ച് പണം തട്ടിയ രണ്ട് പേരെ പൊലീസ് പിടികൂടി. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ യു.എ.ഇയില്‍ വ്യാപകമായതിനെ തുടര്‍ന്ന് പൊലീസ് കര്‍ശന പരിശോധനകളാണ് ഇപ്പോള്‍ നടത്തുന്നത്. 

തട്ടിപ്പിനിരയായവരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. പിടിയിലായ രണ്ട് പേരും ഏഷ്യക്കാരാണെന്നും അറിയിച്ചിട്ടുണ്ട്. ഒരു മൊബൈല്‍ കമ്പനിയുടെ ജീവനക്കാരെന്ന വ്യാജേനയാണ് ഇവര്‍ ഉപഭോക്താക്കളെ വിളിച്ചിരുന്നത്. വലിയ തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്നും പണം കിട്ടാനായി അക്കൗണ്ട് വിവരങ്ങള്‍ക്കൊപ്പം ഒരു തുകയും ആവശ്യപ്പെടുന്നതായിരുന്നു രീതി. പ്രോസസിങ് ഫീസ് പോലുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ഇങ്ങനെ പണം വാങ്ങി മുങ്ങുന്നത്.

ഇതോടൊപ്പം ബാങ്ക് അക്കൗണ്ടുകള്‍, പാസ്‍വേഡുകള്‍ തുടങ്ങിയവ കൈക്കലാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങളും വ്യാപകമാണ്. പിടിയിലായ പ്രതികള്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി സിം കാര്‍ഡുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ എല്ലാവരുടെയും സഹകരണം ഷാര്‍ജ പോലീസ് തേടിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളോ സംശയകരമായ ഇടപാടുകളോ ശ്രദ്ധയില്‍ പെട്ടാല്‍ താഴെ കാണുന്ന നമ്പറുകളില്‍ അറിയിക്കണം

ഫോണ്‍ നമ്പറുകള്‍
999
065632222
800151 

7999 നമ്പറില്‍ എസ്എംഎസ് ആയക്കാം

ഇ-മെയില്‍ : tech_crimes@shjpolice.gov.ae