കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മന്ത്രിയാകുമെന്ന് എ.കെ ശശീന്ദ്രന്‍. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നും മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്ത്രിസ്ഥാനത്തേക്കുളള തന്‍റെ യോഗ്യതയെ കുറിച്ച് പാര്‍ട്ടി പറയും. താന്‍ കുറ്റക്കാരനാണോ അല്ലേ എന്നത് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
മന്ത്രിസ്ഥാനത്തേക്ക് ശശീന്ദ്രന്‍ വരാന്‍ അര്‍ഹനാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരന്‍ പ്രതികരിച്ചു. ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കണം. വിഷയത്തില്‍ തീരുമാനം വൈകരുത് . എല്‍ ഡിഎഫ് യോഗം വിളിക്കണമെന്നും ടി. പി. പീതാംബരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിവാദ ഫോൺവിളി കേസിൽ എ.കെ ശശീന്ദ്രന്‍റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്.
ജുഡീഷ്യല്‍ കമ്മീഷന്‍റെ ടോംസ് ഓഫ് റഫറന്‍സ് എന്തൊക്കെയെന്നും അതിന്‍റെ പകര്‍പ്പ് ഹാജരാക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജുഡീഷ്യല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
അതേസമയം കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ മറ്റൊരു ഹര്‍ജി കൂടി ഹൈക്കോടതിയില്‍ പരിഗണക്കെത്തി. തൃശ്ശൂര്‍ സ്വദേശി തോമസ് ജോര്‍ജാണ് ഹര്‍ജിക്കാരന്‍.നേരത്തെ മഹിളാമോര്‍ച്ചയും കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയിരുന്നു.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്നാണ് ഹർജിയിൽ പരാതിക്കാരിയായ മാധ്യമ പ്രവർത്തക ആവശ്യപ്പെട്ടത്. പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു
