തട്ടിപ്പ് പുറത്തു പറയാതിരിക്കാന്‍ പീഡിപ്പിച്ചതായി യുവതി
കണ്ണൂര്: വിദേശത്ത് ജോലി ചെയ്ത സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തു പറയാതിരിക്കാൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. കണ്ണൂർ സ്വദേശിയാണ് വിദേശത്തെ സ്ഥാപന ഉടമകൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ പരാതി വ്യാജമാണെന്നും യുവതിക്കെതിരെ ദുബായിൽ കേസുകളുണ്ടെന്നുമാണ് കന്പനി അധികൃതരുടെ വാദം.
ഫെയ്സ്ബുക്കിലും പുറത്തുമായി യുവതി ഉന്നയിക്കുന്ന ആരോപണങ്ങളിങ്ങനെയാണ്. 2013 മുതലാണ് ദുബായിലെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിൽ പ്രവർത്തിച്ചുതുടങ്ങിയത്. ഒരു വർഷത്തിനു ശേഷമാണ് നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ സ്ഥാപനത്തിൽ നടക്കുന്നുണ്ടെന്നറിഞ്ഞത്. തുടർന്ന് ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചു. എന്നാൽ തങ്ങൾക്കെതിരെ പൊലീസിലോ കോടതിയിലോ പോകുമെന്ന് ഭയന്ന സ്ഥാപനമുടമകൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ച ശേഷം നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു
നാട്ടിലെത്തിയ ശേഷം പൊലീസിൽ പരാതി നൽകി. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടന്നില്ല. അതേസമയം യുവതിയുടെ പരാതിയിൽ അടിസ്ഥാനമില്ലെന്നും ദുബായിൽ ഇവർക്കെതിരെ ഒരു മാനനഷ്ടക്കേസ് ഉൾപ്പെടെ രണ്ട് കേസുകൾ കോടതിയുടെ പരിഗണനയിലുണ്ടെന്നും കന്പനി അധികൃതർ വിശദീകരിച്ചു.
