സംഭവം ശനിയാഴ്ച ഉച്ചയോടെ‌ ഹൃദയാഘാതം സംഭവിച്ച പീറ്റർ അത്യാഹിത വിഭാ​ഗത്തിലാണ് മൊഴിയെടുക്കാൻ പൊലീസ് എത്തിയില്ല 

കോട്ടയം: ദളിത് ആക്റ്റിവിസ്റ്റായ കോട്ടയം ചിങ്ങവനം സ്വദേശി ഷിബി പീറ്ററിന്റെ വീട്ടിൽ കയറി പിതാവ് പീറ്ററിനെ ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം ഹൃദയാഘാതം സംഭവിച്ച അദ്ദേഹം ഇപ്പോൾ കോട്ടയം മെഡ‍ിക്കൽ സെന്ററിലെ അത്യാഹിതവിഭാ​ഗത്തിലാണ്. ശനിയാഴ്ച ഉച്ചയോടെയാണ് നാട്ടകം സിപിഎം ലോക്കൽ സെക്രട്ടറി സുരേഷ് എന്ന് പരിചയപ്പെടുത്തിയ ഒരാളും മറ്റ് രണ്ടുപേരുമടങ്ങുന്ന സംഘം ചിങ്ങവനത്തെ വീട്ടിൽ കയറി വന്ന് പീറ്ററിനെ കയ്യേറ്റം ചെയ്തത്. സർജറിക്ക് ശേഷം വിശ്രമിക്കുകയായിരുന്നു പീറ്റർ. പരാതി നൽകിയിട്ടും മൊഴിയെടുക്കാനോ മറ്റ് അന്വേഷണങ്ങൾക്കോ പൊലീസ് ഇതുവരെ എത്തിയിട്ടില്ല എന്ന് ഷിബി പീറ്റർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

''ശനിയാഴ്ചയ്ക്ക് ഉച്ചയ്ക്കാണ് മൂന്നുപേർ വീട്ടിലേക്ക് കയറിവന്നത്. അനധികൃതമായിട്ടാണ് നിങ്ങൾ ഇവിടെ താമസിക്കുന്നത്. അതിനാൽ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണം എന്നായിരുന്നു വന്നവരുടെ ആവശ്യം. എന്റെ ചേട്ടന്റെ ഭാര്യയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടകം ലോക്കൽ സെക്രട്ടറി എന്നാണ് വന്നയാൾ പരിചയപ്പെടുത്തിയത്. ഒരു സീരിയസ് സർജറി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു അച്ചായൻ. ഇവരുടെ ഭീഷണിയും വാ​ഗ്വാദവും കേട്ട അച്ചായൻ കുഴഞ്ഞുവീഴുകയായിരുന്നു. ചേച്ചിയും അമ്മയും കരച്ചിൽ കേട്ട് ഓടിവന്ന അയൽപക്കക്കാരും ചേർന്നാണ് അച്ചായനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് ചിങ്ങവനം പൊലീസിൽ പരാതി കൊടുത്തിരുന്നു. നമ്മൾ സംസാരിക്കുന്ന ഈ നിമിഷം വരെ പൊലീസ് സംഭവം അന്വേഷിക്കാൻ പൊലീസ് വരുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. ചിങ്ങവനം സ്റ്റേഷനിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് മൂന്ന് മിനിറ്റ് ഡ്രൈവേയുള്ളൂ''.- ഷിബി പീറ്റർ പറഞ്ഞു. 

ചിങ്ങവനത്ത് പ്രവർത്തിക്കുന്ന സോഷ്യൽ ഇക്കണോമിക് ഡെവലപ്മെന്റ് സർവ്വീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഷിബിയുടെ പിതാവ് പി. ജെ. പീറ്റർ. ഈ സ്ഥാപനത്തിന്റെ ഓഫീസ് കം റസിഡൻസ് ആണ് ഇവിടം. പതിനഞ്ച് വർഷങ്ങളായി ഇവർ ഇവിടെ താമസിക്കുന്നു. 28 വർഷമായി പീറ്ററാണ് ഈ സ്ഥാപനത്തിന്റെ ഡയറക്ടർ. ഇത്രയും വസ്തുതകൾ നിലനിൽക്കുമ്പോഴാണ് നാട്ടകം സിപിഎം ലോക്കൽ സെക്രട്ടറി എന്നവകാശപ്പെട്ട് മൂന്നുപേർ ഇവർ വീടൊഴിഞ്ഞ് നൽകണമെന്ന ആവശ്യവുമായി എത്തിയത്. പീറ്റർ ഇരുന്നിരുന്ന കസേര പിടിച്ചിളക്കിയായിരുന്നു വന്നവരുടെ വാ​ഗ്വാദം. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന ആളാണ്, ഉറക്കെ സംസാരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ പീറ്ററിന്റെ ഭാര്യയോടും ഇവർ കയർത്തു സംസാരിച്ചു. തങ്ങളെ ഒഴിപ്പിക്കാൻ വന്നവർക്ക് എന്താണ് അവകാശമെന്ന ചോദ്യത്തിന് ഇവരുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം വയറിലെ കെട്ട് പോലും അഴിച്ചിട്ടുണ്ടായിരുന്നില്ല എന്ന് ഷിബി പറയുന്നു. 

''വാ​ഗ്വാദം മുറുകി വന്നപ്പോഴാണ് പെട്ടെന്ന് അച്ചായന് നെഞ്ചു വേദന വന്ന് ബോധം മറഞ്ഞത്. ചേട്ടത്തിയുടെയും അമ്മയുടെയും കരച്ചിൽ കേട്ടപ്പോൾ വന്നവർ ഇറങ്ങിയോടി. കരച്ചിൽ കേട്ട് ഓടിവന്ന അയൽപക്കക്കാരാണ് അച്ചായനെ കോട്ടയം മെഡിക്കൽ സെന്ററിൽ എത്തിച്ചത്. ഇപ്പോഴും അച്ചായനെ ഐസിയുവിൽ നിന്ന് ഇറക്കിയിട്ടില്ല. അപ്പോഴും വന്നവർ സിപിഎം കാരാണോ എന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പുണ്ടായിരുന്നില്ല. എന്തായാലും ചിങ്ങവനം ലോക്കൽ കമ്മറ്റിയിലുള്ള സിപിഎം പ്രവർത്തകർ അല്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. കാരണം അവരെയെല്ലാം ‍ഞങ്ങൾക്കറിയാം. നാട്ടകം ലോക്കൽ കമ്മറ്റിക്ക് ചിങ്ങവനത്ത് എന്താണ് കാര്യം എന്ന് മനസ്സിലാകുന്നില്ല. പാർട്ടി സംബന്ധമായ യാതൊരു ഇടപാടുകളോ പ്രശ്നങ്ങളോ ഞങ്ങൾക്കി.ല്ല'' - എന്തിനാണ് വീട്ടിൽകയറി അതിക്രമം കാണിച്ചത് എന്ന കാര്യം ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് ഷിബി പറയുന്നു. 

നാട്ടകം ലോക്കൽ കമ്മറ്റിക്ക് ചിങ്ങവനം ലോക്കൽ കമ്മറ്റിയിൽ ഇടപെടേണ്ട കാര്യമില്ല എന്ന് തന്നെയാണ് സ്ഥലത്തെ പാർട്ടി പ്രവർത്തകർ പറയുന്നത്. ഇവരാരും തന്നെ ഇങ്ങനെയൊരു വിഷയം അറിഞ്ഞിട്ടു കൂടിയില്ല. വിവരം അറിയിച്ചപ്പോൾ അന്വേഷിക്കാമെന്ന ഉറപ്പും പാർട്ടി പ്രവർത്തകർ നൽകിയെന്ന് ഷിബി പറയുന്നു. വീട്ടിലെത്തിയ ആളുടെ രൂപം വച്ച് അന്വേഷിച്ചപ്പോൾ നാട്ടകം ലോക്കൽ സെക്രട്ടറി സുരേഷ് എന്നയാളാണ് വീട്ടിലെത്തി പീറ്ററിനെ ഭീഷണിപ്പെടുത്തിയതെന്ന് മനസ്സിലായി. എന്നാൽ താൻ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നാണ് സുരേഷ് പറഞ്ഞതെന്ന് ഷിബി പറയുന്നു. ജില്ലാകമ്മറ്റിയിലെ പരാതി അന്വേഷിക്കാൻ പോയതാണെന്നായിരുന്നു സുരേഷിന്റെ വാദം. എന്നാൽ ഈ വ്യക്തിക്ക് യാതൊരു കാരണവശാലും ഈ പ്രശ്നത്തിൽ ഇടപെടേണ്ട ആവശ്യമില്ല. മാത്രമല്ല ജില്ലാ കമ്മറ്റിയുടെ പരാതി എത്തേണ്ടതും അന്വേഷിക്കേണ്ടതും ചിങ്ങവനം ലോക്കൽ കമ്മറ്റിയാണ്. കേസിലേക്ക് പോകണ്ട പാർട്ടി അന്വേഷിച്ച് നടപടിയെടുക്കാമെന്ന് പറഞ്ഞെങ്കിലും വീടുകയറി ഭീഷണിപ്പെടുത്തുകയും അത്യാഹിത അവസ്ഥയിൽ പിതാവ് ആശുപത്രിയിലായതിനാലുമാണ് പൊലീസിൽ പരാതി നൽകിയത്. 

രണ്ട് കാരണങ്ങളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ഷിബി സംശയിക്കുന്നത്. ഒന്ന് കെവിൻ വധക്കേസ് വിഷയത്തിൽ വളരെ സജീവമായി ഇടപെടലുകളാണ് സോഷ്യൽ മീഡിയ വഴി ഷിബി നടത്തിയത്. അതിൽ പ്രതികളായവരുടെ സിപിഎം പശ്ചാത്തലം പറഞ്ഞിരുന്നു. മറ്റൊന്ന് ഇപ്പോൾ താമസിക്കുന്ന സ്ഥാപനത്തിന്റെ മേൽ ഒരു സിവിൽ കേസ് നിലനിൽക്കുന്നുണ്ട്. അതാകാം രണ്ടാമത്തെ കാരണം. എന്നാൽ ആ കേസ് കോടതിയുടെ പരി​ഗണനയിലാണ്. അതിൽ ആർക്കും ഇടപെടാൻ അനുവാദമില്ല. എന്തിനാണ് ഇത്തരത്തിൽ തന്റെ പിതാവിനെ ഉപദ്രവിച്ചതെന്ന് കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്നും ഷിബി പറയുന്നു. 

എന്നാൽ ഒരാൾ എപ്പോൾ വേണമെങ്കിലും ജീവഹാനി സംഭവിക്കാവുന്ന ഒരു സാഹചര്യത്തിലാണെന്ന് കാണിച്ച്, പൊലീസിൽ പരാതി നൽകിയിട്ടും അവർ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല. കോട്ടയത്തെ കെവിനും പൊലീസിന്റെ കൃത്യവിലോപത്തിന്റെ ഇരയാണ്. അതേ നിലപാട് തന്നെയാണ് ഷിബി പീറ്ററിന്റെ പിതാവിന്റെ കാര്യത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. പീറ്ററിനെ ഇതുവരെയും കോട്ടയം മെഡിക്കൽ സെന്ററിലെ അത്യാഹിത വിഭാ​ഗത്തിൽ നിന്നും മാറ്റിയിട്ടില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനാണ് ഷി​ബിയുടെ തീരുമാനം. ദളിത് വിഷയത്തിൽ പൊലീസ് സ്വീകരിക്കുന്ന നടപടി ഭയപ്പെടുത്തുന്നതാണെന്നും ദളിത് ആക്റ്റിവിസ്റ്റായ ഷിബി പീറ്റർ കൂട്ടിച്ചേർക്കുന്നു.