ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തികള്‍ അടക്കം നിരവധിപ്പേര്‍ എത്തിയതിനാല്‍ മോഷ്ടാവിനെ കണ്ടെത്തുന്നത് വലിയ പണിയാകും എന്നാണ് പൊലീസ് നല്‍കുന്ന സൂചന

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനതാവളവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് പോക്കറ്റടി. എയര്‍പോര്‍ട്ട് പൊലീസാണ് എറണാകുളം സ്വദേശിയുമായ പി.എസ് മേനോന്റെ പേഴ്സ് തിരക്കിനിടെ പോക്കറ്റിടിച്ച സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഇദ്ദേഹം കിയാല്‍ ഡയറക്ടറാണ്. . ആധാറും എ.ടി.എം കാര്‍ഡുകളും ഉള്‍പ്പെടെയുള്ളവ അടങ്ങുന്നതായിരുന്നു നഷ്ടപ്പെട്ട പേഴ്സ് എന്ന് പി.എസ് മേനോന്‍ എയര്‍പോര്‍ട്ട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ വിമാനതാവള ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തികള്‍ അടക്കം നിരവധിപ്പേര്‍ എത്തിയതിനാല്‍ മോഷ്ടാവിനെ കണ്ടെത്തുന്നത് വലിയ പണിയാകും എന്നാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഞായറാഴ്ച പത്തുമണിക്കാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തില്‍ നിന്നും ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി സര്‍വീസിന്‍റെ ഫ്‌ളാഗ് ഓഫും ഇരുവരും നിര്‍വഹിച്ചു. 9.55 നായിരുന്നു ഫ്‌ളാഗ് ഓഫ്.