മത്സര ഷൂട്ടൗട്ടില്‍ എത്തിയാല്‍ വെള്ളക്കുപ്പി ഇംഗ്ലണ്ടിന്‍റെ രക്ഷയ്ക്കെത്തും

മോസ്‌കോ: ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്കെത്തിയാൽ ഗോളി ജോർദാൻ പിക്ഫോർഡിന്‍റെ വെളളക്കുപ്പിയിലാണ് ഇംഗ്ലണ്ടിന്‍റെ ഭാവിയിരിക്കുന്നത്.

കൊളംബിയക്കെതിരെ നിർണായക ഷൂട്ടൗട്ടിലേക്ക് നീങ്ങിയ പ്രീ ക്വാർട്ടർ. പരിശീലകൻ ഗാരത് സൗത് ഗേറ്റുമായി സംസാരിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോർഡ് ഒരു വെളളക്കുപ്പി കയ്യിലെടുത്തു. ടവ്വലിൽ അതും പൊതിഞ്ഞെടുത്ത് ഗോൾ പോസ്റ്റിലേക്ക് നീങ്ങി. ചാട്ടം പിഴയ്ക്കാതെ കാർലോസ് ബെക്കെയുടെ കിക്ക് തടുത്ത് പിക്ഫോർഡ് ഇംഗ്ലണ്ടിന്‍റെ വീരനായകനായി. അവരുടെ പെനാൽറ്റി ശാപം തീർത്തു.പൊതിഞ്ഞെടുത്ത ആ കുപ്പിക്ക് പിക്ഫോർഡിനെ ഹീറോ ആക്കിയതിൽ ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് തെളിയുന്നത്. അതിന്‍റെ പുറംകവറിൽ ഷൂട്ടൗട്ട് തന്ത്രങ്ങളെഴുതിവച്ചിരുന്നു. ഓരോ കളിക്കാന്‍റെ കിക്കിനും എങ്ങോട്ട് ചാടണമെന്ന് വ്യക്തമായ പ്ലാന്‍. കുപ്പിയിലെഴുതിയത് പോലെയല്ല കൊളംബിയൻ നായകൻ ഫൽക്കാവോയുടെ കിക്കിന് പിക്ഫോർഡ് ചാടിയത്. അത് പിഴച്ചു. എന്നാൽ പിന്നെ തെറ്റിയില്ല, ഒടുവിൽ ബെക്കെയുടെ കിക്ക് തടഞ്ഞ് ചരിത്രത്തിലേക്ക്.കുപ്പിയിലെ ഷൂട്ടൗട്ട് തന്ത്രം ഗാരത് സൗത് ഗേറ്റിന്‍റെതാണ്. ബ്രിട്ടന്‍റെ ഹോക്കി ടീം വഴിയാണ് അതിന്‍റെ വരവ്. കഴിഞ്ഞ ഒളിമ്പിക്‌സ് ഫൈനലിൽ ഹോളണ്ടിനെതിരെ ഗോളി മാഡി ഹിഞ്ച് കുപ്പിയിലാണ് തന്ത്രങ്ങളെുതിയത്. ഷൂട്ടൗട്ട് രണ്ടേ പൂജ്യത്തിന് ജയിച്ച് ഇംഗ്ലണ്ട് സ്വർണം നേടി. ഇതുപോലെ ജോർദാൻ പിക്ഫോർഡിന്‍റെ കുപ്പി ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുക്കുമോ എന്ന് കാത്തിരുന്നറിയാം.