ശ്വാസതടസ്സം നേരിടുന്നതിനാൽ അത് ഒഴിവാക്കാനുള്ള ജീവൻരക്ഷാസംവിധാനമടക്കമുള്ള ചികിത്സാസൗകര്യങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നൽകിവരുന്നുവെന്നാണ് ഇന്നലെ അപ്പോളോ ആശുപത്രിയിൽ നിന്നിറങ്ങിയ പത്രക്കുറിപ്പ്. ആന്‍റിബയോട്ടിക്കുകളും അണുബാധ തടയാനുള്ള മറ്റ് ചികിത്സാസംവിധാനങ്ങളും ജയലളിതയ്ക്ക് നൽകുന്നു. വിദഗ്ധഡോക്ടർമാരുടെ സംഘം സദാസമയവും മുഖ്യമന്ത്രിയെ നിരീക്ഷിയ്ക്കുന്നു.
ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് പത്രക്കുറിപ്പ് പറയുന്നത്. രക്തത്തിൽ അണുബാധയുണ്ടാകുന്ന സെപ്സിസാണ് മുഖ്യമന്ത്രിയുടെ അസുഖമെന്ന അഭ്യൂഹമുണ്ടെങ്കിലും ഇക്കാര്യത്തിൽ ആശുപത്രി വ്യക്തമായ വിശദീകരണം നൽകുന്നില്ല. അവ്യക്തമായ പത്രക്കുറിപ്പുകളല്ലാതെ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ഒരു മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാതിരിയ്ക്കുന്നതിനെതിരെയാണ് സാമൂഹ്യപ്രവർത്തകൻ ട്രാഫിക് രാമസ്വാമി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിയ്ക്കുന്നത്.
ഗവർണർ, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, അപ്പോളോ ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് തേടണമെന്നാണ് ഹർജിയിലെ ആവശ്യം. കാവേരിനദീജലത്തർക്കവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വെച്ച് ജയലളിത അദ്ധ്യക്ഷത വഹിച്ചെന്ന് പറയപ്പെടുന്ന ഉന്നതതലയോഗത്തിന്‍റെ ഫോട്ടോകൾ പുറത്തുവിടണമെന്നും രാമസ്വാമി ആവശ്യപ്പെടുന്നു.
കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. അതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിയിലുണ്ട്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക.
