സൗദിയും ഇറാനും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഹജ്ജുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചതായും ഈ വര്‍ഷം ഇറാനില്‍ നിന്നും തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്നും സൗദി പ്രസ്‌ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഇറാനില്‍ നിന്നും ഇത്തവണ ഹജ്ജ് തീര്‍ഥാടകര്‍ സൗദിയില്‍ എത്തുമെന്നും നേരത്തെ ഇറാനും വെളിപ്പെടുത്തിയിരുന്നു. 80,000 ഇറാനികള്‍ ഈ വര്‍ഷം ഹജ്ജിനെത്തും എന്നാണു പ്രതീക്ഷ. മറ്റു രാജ്യങ്ങളെ പോലെ ഇറാന്‍ ഹജ്ജ് ഉംറ സമിതിയും സൗദിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി സൗദി വെളിപ്പെടുത്തി. 
2015ല്‍ ഉണ്ടായ മിനാ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം സൗദി ഹജ്ജ് മന്ത്രാലയം മുന്നോട്ടു വെച്ച ചില മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇറാന്‍ ഹജ്ജ് ബഷിഷ്കരിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഇറാനില്‍ നിന്ന് ഉമ്ര തീര്‍ഥാടകരും എത്തിയിരുന്നില്ല. എന്നാല്‍ സൌദിയുടെ ക്ഷണം സ്വീകരിച്ച് ഇറാന്‍ ചര്‍ച്ചയ്‌ക്ക് തയ്യാറായതോടെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുകയും തീര്‍ഥാടകര്‍ക്ക് ഹജ്ജിനു അവസരം ഒരുങ്ങുകയും ചെയ്തു. ഇറാഖ്, സിറിയ, യമന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കെയാണ് ഹജ്ജ് സംബന്ധമായി ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. സെപ്റ്റംബര്‍ ആദ്യത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ്. ഹജ്ജ് വേളയില്‍ ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഉണ്ടാക്കിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 1988ലും ഇറാന്‍ ഹജ്ജ് ബഹിഷ്കരിച്ചിരുന്നു.