സൗദി സഖ്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനാൽ ഇത്തവണത്തെ ഹജ്ജ് കർമം നിർവഹിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഖത്തറിലെ ഹജ്ജ് തീർത്ഥാടകർ. നിലവിലെ പ്രതിസന്ധി ഹജ്ജ് - ഉംറ തീർത്ഥാടകരെ ബാധിക്കില്ലെന്ന് സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഖത്തറിൽ നിന്നുള്ള ഇതുമായി ബന്ധപ്പെട്ട യാതൊരു അന്വേഷണങ്ങൾക്കും സൗദി അധികൃതർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് ദോഹയിലെ വിവിധ ഹജ്ജ് - ഉംറ ഏജൻസികൾ അറിയിച്ചു.

ഹജ്ജ്, ഉംറ തീര്‍ഥാടകരെ ഉപരോധം ബാധിക്കില്ലെന്നും തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സേവനങ്ങളും നല്‍കുമെന്നും നേരത്തെ സൗദി അറിയിച്ചിരുന്നെങ്കിലും ഉപരോധത്തിന് ശേഷം ഖത്തറിൽ നിന്നും ഉംറ നിര്‍വഹിക്കാൻ പോയ തീര്‍ഥാടകര്‍ക്ക് സൗദി അധികൃതരിൽ നിന്നും മോശം അനുഭവങ്ങളുണ്ടായതായി പലരും സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ഇതേ തുടർന്ന് വിശുദ്ധ മാസത്തിൽ മതപരമായ ചടങ്ങുകൾക്ക് പോലും വിലക്കേര്‍പ്പെടുത്തുന്നത് ഇസ്‌ലാമിക് ശരിയ നിയമത്തിനെതിരായ നടപടികളാണെന്നറിയിച്ചു കൊണ്ട് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സൗദി അധികൃതരുടെ പ്രഖ്യാപനത്തിനു വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇത്തവണ ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നും രാജ്യത്തെ ഹജ്ജ് ഓപ്പറേറ്റർമാർ അറിയിച്ചു. ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ഹജ്ജ്-ഉംറ വകുപ്പില്‍ നിന്നുള്ള നിര്‍ദേശങ്ങൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഇനി എന്തെങ്കിലും തീരുമാനമെടുക്കാൻ കഴിയൂ എന്നും അവർ വ്യക്തമാക്കി.

അതേസമയം അനുമതി ലഭിച്ചാലും പ്രഖ്യാപനത്തിന് വിരുദ്ധമായി തീർത്ഥാടകർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടേക്കുമോ എന്ന ആശങ്കയും ചിലർ പങ്കുവെച്ചു.കഴിഞ്ഞ മാസം അഞ്ചിന് തുടങ്ങിയ ഉപരോധം റംസാൻ കഴിയുന്നതിനു മുന്പ്‌ അവസാനിക്കുമെന്ന പ്രതീക്ഷയിൽ ഹജ്ജ് തീർത്ഥാടനത്തിനായി തയാറെടുത്ത നിരവധി പേരാണ് ഇതോടെ ആശങ്കയിലായത്. അതേസമയം ഉപരോധം ഏറെക്കാലം നീണ്ടുനിൽക്കില്ലെന്നും ഹജ്ജ് സീസണിന് മുമ്പ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും ചിലർ അഭിപ്രായപ്പെട്ടു.

ഖത്തറിലെ ഹജ്ജ്തീർത്ഥാടകർ ആശങ്കയിൽ
അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നില്ല